ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്

44

ഇരിങ്ങാലക്കുട: വിവിധ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭരും പ്രശസ്തരുമായ നൂറുകണക്കിന് പ്രതിഭാശാലികളടക്കമുള്ളവര്‍ക്ക് അറിവുപകര്‍ന്ന ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 150-ാം വര്‍ഷത്തിലേക്ക്. ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് മൂന്നേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ 1872ല്‍ അന്നത്തെ കൊച്ചി രാജ്യത്ത് സ്ഥാപിക്കപ്പെട്ട മൂന്ന് ഹൈസ്‌കൂളുകളിലൊന്നാണ്. എറണാകുളം, തൃശ്ശൂര്‍, ഇരിങ്ങാലക്കുട എന്നിങ്ങനെയായിരുന്നു വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്.അന്ന് ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്ത് കൊച്ചി വലിയതമ്പുരാന്‍ കോവിലകത്ത് ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. സവര്‍ണ്ണ ബാലികമാര്‍ക്ക് മാത്രമെ അതില്‍ പ്രവേശനമുണ്ടായിരുന്നൊള്ളു. ക്ഷേത്രത്തിനടുത്തായതിനാല്‍ താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് അതില്‍ പഠിക്കാന്‍ സാധിച്ചിരുന്നില്ല. സ്‌കൂള്‍ സ്ഥാപിച്ച കാലത്ത് നാട്ടുകാരുടെ അഭ്യാര്‍ഥന പ്രകാരം 1892ല്‍ ചെട്ടിപറമ്പില്‍ ഇപ്പോഴത്തെ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ സ്ഥാപിക്കും വരെ പെണ്‍കുട്ടികള്‍ക്കും ഈ സ്‌കൂളില്‍ പ്രവേശനം അനുവദിച്ചിരുന്നു.അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. യാത്രാ സൗകര്യം നാമമാത്രമായി പോലും ഇല്ലാതിരുന്ന കാലത്ത് ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് ഇവിടെ പഠിക്കാനെത്തിയ കുട്ടികള്‍ അനവധിയാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എഴുതപ്പെട്ട ബെഞ്ചേറ് സമരത്തിന് സാക്ഷിയായ വിദ്യാലയം കൂടിയാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂള്‍. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1942ല്‍ നടന്ന ക്വിറ്റ് ഇന്ത്യാസമരത്തിനാണ് ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് സ്‌കൂള്‍ സാക്ഷിയായത്.മഹാകവി വൈലോപ്പിള്ളി അടക്കമുള്ള ഒട്ടേറെ പ്രതിഭാധനരായ അധ്യാപകര്‍ ഈ സ്‌കൂളിന്റെ അമരക്കാരായിരുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കുണ്ടുകുളം, സ്വാമി ചിന്മയാനന്ദന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്ഥാപക പ്രിന്‍സിപ്പലും അന്നത്തെ ബ്രട്ടീഷ് വൈസ്രോയിയുടെ പേഴ്‌സണല്‍ ഡോക്ടറുമായിരുന്ന കെ.എന്‍. പിഷാരടി, കോങ്ങാട്ടില്‍ രാമന്‍ മേനോന്‍, കൊച്ചിരാജ്യത്ത് പ്രധാന മന്ത്രിയായിരുന്ന പറമ്പി ലോനപ്പന്‍, പി.കെ. ചാത്തന്‍ മാസ്റ്റര്‍, പുതൂര്‍ അച്യൂതമേനോന്‍, ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്‍, അഡ്വ. വട്ടപറമ്പില്‍ രാമന്‍ മേനോന്‍ തുടങ്ങി പഴയ തലമുറയിലും പുതുതലമുറയിലുമായി ഒട്ടനവധി പ്രഗത്ഭരായവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളായിട്ടുണ്ട്.നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് പുതിയ കാലത്തിനനുസരിച്ച് സ്‌കൂളിനെ ഉയര്‍ത്താനുള്ള യജ്ഞത്തിലാണ് പി.ടി.എ.യും എസ്.എം.സി., എസ്.എം.ഡി.സി., എസ്.ഡി.സി., ഒ.എസ്.എ. എന്നി സംഘടനകളും അധ്യാപകരും. ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തിവരുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷപരിപാടികള്‍ മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാഗിരി അധ്യക്ഷയായിരിക്കും

Advertisement