Home NEWS ഹിന്ദു ഐക്യവേദി മുകുന്ദപുരം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം നടത്തി

ഹിന്ദു ഐക്യവേദി മുകുന്ദപുരം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട :പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-മത് ജയന്തി ദിനാഘോഷം ഹിന്ദുഐക്യവേദി മുകുന്ദപുരം താലൂക്കിൽ സമുചിതമായി ആചരിച്ചു. ജയന്തി ദിനാചരണം മുകുന്ദപുരം താലൂക്ക് പ്രസിഡന്റ്‌ ഷാജു പൊറ്റക്കൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് നിർണ്ണായക പങ്കു വഹിച്ച ആത്മീയാചാര്യനും ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തിരിച്ചറിഞ്ഞ് ചവിട്ടി താഴ്ത്തപ്പെട്ട ജന സാമാന്യത്തെ വിജ്ഞാനം നൽകി മാനവികതയിലേക്കും സ്വതന്ത്രത്തിലേക്കും നയിച്ച ഗുരുവര്യനാണ് ചട്ടമ്പിസ്വാമി തൃപ്പാദങ്ങളെന്ന് ജയന്തി ദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറൽ സെക്രട്ടറി മണമ്മൽ മധുസൂദനൻ ജയന്തി ദിനാചരണ യോഗത്തിന് സ്വാഗതം ആശംസിച്ചു. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീ -പുരുഷ സമത്വ വാദം സാർവത്രിക വിദ്യഭ്യാസത്തിനുള്ള ആഹ്വാനം, മത പുരാണവും ആചാരവും യുക്തിയുടെ വെളിച്ചത്തിൽ അന്നുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ പഠന വിധേയമാക്കിയ സ്വാമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. ചട്ടമ്പിസ്വാമിയുടെ നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചയായി ശ്രീനാരായഗുരുവും, ശുഭാനന്ദ സ്വാമികളും വാക്ഭടടാനന്ദ സ്വാമികളും തുടർന്നുള്ള നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും ജനറൽ സെക്രട്ടറി സ്വാഗത പ്രസംഗത്തിൽ അനുസ്മരിച്ചു. പരിപാടിയിൽ നേതാക്കളായ പി. എസ്. ജ്യോതീന്ദ്രനാഥ്, സി. എസ്. വാസു, സതീശൻ കൈപ്പിള്ളി, ബിജു കുന്തിലി, സരസൻ കാട്ടൂർ, മനോഹരൻ വേളൂക്കര, ജയരാജ്‌, പി. പി. ഷാജു, കെ. ഗോപിനാഥ്, സുനിൽ പടിയൂർ എന്നിവർ സംസാരിച്ചു.

Exit mobile version