ഡ്യൂക്ക് ബൈക്കില്‍ മാലമോഷണം നടത്തുന്ന സംഘം ഇരിങ്ങാലക്കുട പോലീസ് വലയില്‍

8001

ഇരിങ്ങാലക്കുട:ഡ്യൂക്ക് ബൈക്കില്‍ എത്തി സ്‌കൂട്ടര്‍ യാത്രക്കാരികളായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസ്, സി.ഐ.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. പറപ്പൂക്കര രാപ്പാള്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സുബ്രന്‍ മകന്‍ സുജില്‍ 20 വയസ്സ്, കോടാലി മൂന്നു മുറി സ്വദേശി പള്ളത്തേരി വീട്ടില്‍ വേലായുധന്‍ മകന്‍ മിന്നല്‍ കാര്‍ത്തി എന്നു വിളിക്കുന്ന കാര്‍ത്തികേയന്‍ 24 വയസ്സ്, ഇവരുടെ സുഹൃത്തും സംഘത്തിലെ പ്രധാനിയുമായ വിദ്യാര്‍ത്ഥിയുമാണ് പിടിയിലായത്.120 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിക്കുന്ന ഇയാളാണ് സൂത്രധാരന്‍.കൊടുങ്കാറ്റ് വേഗതയില്‍ ഓടിച്ച് പോകാന്‍ സാധിക്കുന്ന ആഢംബര ബൈക്കായ ഡ്യൂക്ക് ഉപയോഗിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.ആറോളം കേസുകളാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.എന്നാല്‍ പാളിപോയ ശ്രമങ്ങളായി മോഷണപരിശിലന കാലത്ത് 50 ഓളം എണ്ണം ഉള്ളതായി ഇവര്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്.പലതും മുക്കുപണ്ടമായും മാല പൊട്ടതെയും പോയിട്ടുണ്ട്.ആഢംബര ജീവിതം നയിക്കുന്നതിനാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.ഇക്കഴിഞ്ഞ ശനിയാഴ്ച വാടാനപ്പിള്ളി ദേശീയപാത 17ല്‍ രാവിലെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന എടക്കുളം സ്വദേശിയായ യുവതിയുടെ എട്ടര പവന്‍ സ്വര്‍ണ്ണമാലയാണ് ഇവര്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് പൊട്ടിച്ചെടുത്തത്.ഇവരുടെ ആക്രമണത്തില്‍ യുവതിയും പുറകിലിരുന്ന പെണ്‍കുട്ടിയും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പിന്നില്‍ വന്നിരുന്ന ബസ്സിനടിയില്‍പ്പെടാതെ ഇവര്‍ രക്ഷപ്പെട്ടത്.ഈ മാസം നാലാം തിയ്യതി രാത്രി ഏഴര മണിക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നെല്ലായി സ്വദേശിയായ യുവതിയെ ആക്രമിച്ച് അഞ്ച് പവന്‍ മാല ഇവര്‍ പൊട്ടിച്ചിരുന്നു. ചുരിദാറിന്റെ ഷാളില്‍ കുടുങ്ങിയതിനാല്‍ മാലയുടെ പകുതി മാത്രമേ നഷ്ടപ്പെട്ടുള്ളു.കൂടാതെ മാര്‍ച്ച് പത്താം തിയ്യതി രാവിലെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇരിങ്ങാലക്കുട തേലപ്പിള്ളി സ്വദേശിനികളായ പെണ്‍കുട്ടികളില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടിയെ കാറളം ബണ്ടിനടുത്തു വച്ച് കഴുത്തിലടിച്ച് മൂന്നേ മുക്കാല്‍ പവന്‍ മാലയും ഫെബ്രുവരിയില്‍ അന്തിക്കാട് ചാഴൂരില്‍ സ്‌കൂട്ടറിനു പുറകിലിരുന്നു സഞ്ചരിച്ച യുവതിയുടെ പത്ത് പവന്‍ മാല പൊട്ടിച്ചതും ഇവരാണ്. പിടിവലിയില്‍ ഇവര്‍ താഴെ വീണതിനാല്‍ താലി മാത്രമേ അന്ന് നഷsപ്പെട്ടുള്ളു. എന്നാല്‍ പരുക്കേറ്റ ഇവര്‍ ഒന്നര മാസത്തോളം കിടപ്പിലായി. ഒരാഴ്ചക്കു ശേഷം ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ രാത്രി സഞ്ചരിക്കുമ്പോള്‍ മൂര്‍ക്കനാട് സ്വദേശിനിയുടെ രണ്ടര പവനും ഡിസംബറില്‍ കുരിയച്ചിറ ഒല്ലൂര്‍ റോഡില്‍ വച്ച് അളഗപ്പനഗര്‍ സ്വദേശിനിയുടെ മൂന്നു പവന്‍ മാലയും ഇവര്‍ മോഷ്ടിച്ചിരുന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസ്, ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍, ഡി.വൈ.എസ്.ഷാഡോ അംഗങ്ങളായ സീനിയര്‍ സി.പി.ഒ. മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, ഇ.എസ്.ജീവന്‍,എ.എസ്.ഐ. പി.കെ.ബാബു, സീനിയര്‍ സി.പി.ഒ ഡെന്നിസ്,ഷഫീര്‍ ബാബു റെജിന്‍. എന്നിവരാണ് കേസന്വോഷണത്തില്‍ ഉണ്ടായിരുന്നത്.

ഓപ്പറേഷന്‍ ത്രിവര്‍ണ്ണ അഭിമാനത്തോടെ ഇരിങ്ങാലക്കുട പോലീസ്

ഇരിങ്ങാലക്കുട,ചാലക്കുടി സബ് ഡിവിഷനുകളില്‍ കഴിഞ്ഞ ആറ് മാസത്തോളമായി മാല പൊട്ടിക്കല്‍ പരമ്പരകളാണ് നടന്നത്.ഇതേ തുടര്‍ന്ന് റൂറല്‍ എസ്.പി. യതീഷ് ചന്ദ്ര ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ്, ഷാഡോ അംഗങ്ങളായ സീനിയര്‍ സി.പി.ഒ. മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, ഇ.എസ്. ജീവന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓപ്പറേഷന്‍ ത്രിവര്‍ണ്ണ എന്ന പേരില്‍ രൂപീകരിച്ച പ്രത്യേക അന്വോഷണ സംഘം ദിവസങ്ങള്‍ക്കകമാണ് പ്രതികളെ പിടികൂടിയത്.ഈ അന്വേഷണ സംഘം തന്നെയാണ് ദിവസങ്ങള്‍ക്കു മുന്‍പ് മതിലകം അസ്മാബി കോളജ് പ്രിന്‍സിപ്പാളിനെ ആക്രമിച്ച പ്രതികളെ പിടികൂടിയത്. ആയിരത്തോളം ബൈക്കുകളും, അതിന്റെയൊക്കെ ഉടമകളുടേയും വിവരങ്ങള്‍ ശേഖരിച്ചും, ബൈക്കുകള്‍ വാടകയ്ക്ക് കൊടുക്കുന്നവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ഹൈ സ്പീഡ് ബൈക്കുകളും മോഷണമുതലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 25 പവനോളം സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. ഈ കേസില്‍ സ്വര്‍ണ്ണം വാങ്ങിയവര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളെ പോലീസ് അന്വോഷിച്ചുവരുന്നു. അമ്പതോളം സ്ഥലങ്ങളില്‍ ഇവര്‍ മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഡി.വൈഎസ്.പി പറഞ്ഞു. ചിലയിടങ്ങളില്‍ മോഷ്ടാക്കളുടെ കയ്യില്‍ നിന്ന് താഴെ വീണും തിരിച്ചുകിട്ടിയതിനാലും മറ്റു സ്ഥലങ്ങളില്‍ മുക്കുപണ്ടങ്ങളും,മുത്തുമാല കളും ആയതിനാലും പരാതിപ്പെടാത്ത സംഭവങ്ങള്‍ നിരവധിയാണ്. രാത്രി വാടകയ്ക്ക് ബൈക്ക് എടുത്ത് രാവിലെ തന്നെ ഇരകളെ തേടിയിറങ്ങുന്ന ഇവര്‍ പോലീസ് ചെക്കിംങ്ങും ആള്‍ത്തിരക്ക് ഇല്ലാത്ത സ്ഥലങ്ങളും തേടി ഇരകള്‍ക്കു പിന്നാലെ കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവങ്ങളും ഉണ്ടെത്രേ

Advertisement