ഇരിങ്ങാലക്കുട: വരുമാനത്തില്‍ മുന്നിലാണെങ്കിലും ജീവനക്കാരുടെ അഭാവം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യെ പിറകോട്ടടിക്കുന്നു. ജില്ലയിലെ ഏറ്റവും കുറവ് ജീവനക്കാരുള്ള ഓപ്പറേറ്റിങ്ങ് സെന്ററാണ് ഇരിങ്ങാലക്കുടയിലേത്. 2022 ഡിസംബറില്‍ മാത്രം 13 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സെന്ററാണ് ഇരിങ്ങാലക്കുട. ഇതില്‍ ബജറ്റ് ടൂറിസത്തിലൂടെ മാത്രം 4.61 ലക്ഷത്തിന്റെ വരുമാനവും ഉണ്ടാക്കി. നല്ല രീതിയില്‍ ബി.ടി.സി. സര്‍വ്വീസ് നടത്തി 75 ലക്ഷത്തിലധികം രൂപയാണ് 2022ല്‍ വരുമാനമുണ്ടാക്കിയത്. എന്നാല്‍ സംസ്ഥാനത്ത് തന്നെ മികച്ച ഒപ്പറേറ്റിങ്ങ് സെന്ററായി നിലകൊള്ളുന്ന ഇരിങ്ങാലക്കുടയ്ക്ക് ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതാണ് തിരിച്ചടിയായിരിക്കുന്നത്.നേരത്തെ 21 ഷെഡ്യൂള്‍ വരെ ഓപ്പറേറ്റ് ചെയ്തിരുന്ന ഇവിടെ പിന്നീട് 14 ആയി ചുരുങ്ങി. ഇപ്പോള്‍ അത് പത്തുവരെ എത്തി. പ്രതിദിനം മൂന്നുലക്ഷം രൂപയില്‍ അധികം വരുമാനം ലഭിച്ചിരുന്ന യൂണിറ്റിന്റെ വരുമാനം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതോടെ ഇപ്പോള്‍ പ്രതിദിനം രണ്ടുലക്ഷം രൂപയില്‍ താഴെയായി കുറഞ്ഞു. 40 ഡ്രൈവര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 25 പേര്‍ മാത്രമാണ് ഉള്ളത്. 17 സര്‍വ്വീസിന് 40 ഡ്രൈവര്‍മാരെയാണ് വേണ്ടത്. 14 സര്‍വ്വീസിന് 32 ഡ്രൈവര്‍മാരും. ഇതിനിടയില്‍ ചിലര്‍ മെഡിക്കല്‍ ലീവ് കൂടി എടുക്കുന്നതോടെ സര്‍വ്വീസുകളെല്ലാം താറുമാറാകുകയാണ്. നല്ല കളക്ഷനുള്ള പല സര്‍വ്വീസുകളും ഇതുമൂലം വെട്ടിക്കുറയ്‌ക്കേണ്ട അവസ്ഥയിലാണ്. ഇതുമൂലം 8.30നുള്ള ആലുവ, 7.30നുള്ള എറണാകുളം, 5.35ന്റെ പാലക്കാട് സര്‍വ്വീസുകള്‍ നിരന്തരം ഒഴിവാക്കേണ്ട അവസ്ഥയാണ്. മതിലകം- ഇരിങ്ങാലക്കുട- വെള്ളാനിക്കോട്, ഇരിങ്ങാലക്കുട- മെഡിക്കല്‍ കോളേജ്, ഇരിങ്ങാലക്കുട- വൈറ്റില എന്നി സര്‍വ്വീസുകളും നടത്താന്‍ സാധിക്കുന്നില്ല.കൃത്യമായി സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഓഫീസറെ അനാവശ്യകാര്യത്തിന് സ്ഥലം മാറ്റിയതും സര്‍വ്വീസുകള്‍ താഴാന്‍ കാരണമായെന്നും ആക്ഷേപമുണ്ട്. കെ.എസ്.ആര്‍.ടി.സി. ഉന്നത ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ സമീപനമാണ് ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കാത്തതിന് കാരണമെന്നാണ് പറയുന്നത്.
ജീവനക്കാരുടെ അഭാവം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യെ പിറകോട്ടടിക്കുന്നു
Advertisement