നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെ.എല്‍.ഡി.സി. നിറുത്തിവെച്ചു

19

കരുവന്നൂര്‍: നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കെ.എല്‍.ഡി.സി. കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെ.എല്‍.ഡി.സി. നിറുത്തിവെച്ചു. ബണ്ട് റോഡിലെ സംരക്ഷണ ഭിത്തിയുടെ ഇടിഞ്ഞുപോയ ഭാഗത്തിന്റെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വെള്ളം ഉയര്‍ന്നതോടെ താല്‍ക്കാലികമായി നിറുത്തിവെച്ചത്. ആഗസ്റ്റ് 13നാണ് പുത്തന്‍തോട് പാലത്തിന് പടിഞ്ഞാറു ഭാഗത്ത് മൂര്‍ക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള തെക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് നിര്‍മ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞത്. ഇതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കെ.എല്‍.ഡി.സി. അധികൃതര്‍ തകര്‍ന്ന ഭാഗം പുനര്‍ നിര്‍മ്മാണം നടത്തുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് കനാലില്‍ നിന്നും ഇടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും നീക്കം ചെയ്ത് പയലിങ്ങ് നടത്തി താഴെ പാറയാണെന്ന് കണ്ടെത്തി. ശേഷം പാറയില്‍ നിന്നും മൂന്നുമീറ്ററോളം ഉയരത്തില്‍ കരിങ്കല്ലുപയോഗിച്ച് പുനര്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും വെള്ളം ഉയര്‍ന്നതോടെ പ്രവര്‍ത്തികള്‍ തടസ്സപ്പെടുകയായിരുന്നു. പാറ മുതല്‍ കനാലിലെ വെള്ളത്തിന്റെ അളവില്‍ നല്ലരീതിയില്‍ കരിങ്കല്ല് പാകിയശേഷം കോണ്‍ക്രീറ്റ് ബെല്‍റ്റ് നിര്‍മ്മിച്ച് അതിന് മുകളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനാണ് കെ.എല്‍.ഡി.സി. തീരുമാനം. എന്നാല്‍ വെള്ളം ഉയര്‍ന്നതോടെ പ്രവര്‍ത്തികള്‍ പാതി വഴിയില്‍ നിറുത്തി മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനായി ഈ സ്ഥലത്ത് മണല്‍ചാക്കുകള്‍ ഇട്ടിരിക്കുകയാണ്.തെക്കേ ബണ്ടില്‍ രണ്ടിടത്തായി പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ച് 50 മീറ്ററിലാണ് കെ.എല്‍.ഡി.സി. സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. എന്നാല്‍ ആഗസ്റ്റ് പകുതിയോടെ അപ്രതീക്ഷിതമായി ഒരു ഭാഗത്തെ സംരക്ഷണഭിത്തി താഴേയ്ക്ക് ഇടിയുകയായിരുന്നു. കനാലിന്റെ അരികിലുള്ള പാറയില്‍ ശക്തമായി വെള്ളം ഇടിച്ച് തിരിയുന്നതും തെക്കുഭാഗത്തുനിന്നുള്ള ഉറവയുമാണ് സംരക്ഷണഭിത്തിയുടെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകാനും അത് ഇടിയാനും കാരണമായതെന്നാണ് കരുതുന്നത്. 2018ലെ പ്രളയത്തിലും 2019ലും 2020ലേയും കാലവര്‍ഷത്തിലുമാണ് ബണ്ട് റോഡിന്റെ അരികുകള്‍ ഇടിഞ്ഞത്. ഇത് അതുവഴി പോകുന്ന യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് നിരവധി സമരങ്ങളുടേയും സമ്മര്‍ദ്ദങ്ങളുടേയും അടിസ്ഥാനത്തിലാണ് മറ്റൊരു പ്രവര്‍ത്തിയുടെ ബാക്കിവന്ന ചെറിയ തുക ഉപയോഗിച്ച് കെ.എല്‍.ഡി.സി. ദ്രുതഗതിയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്.

Advertisement