പുനർജ്ജനി കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു

42

നെടുമ്പാൾ : നമ്മുടെ നാട് തുടർച്ചയായ പ്രതിസന്ധികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ‘സുഭിക്ഷകേരളം’ പദ്ധതിയുമായി ചേർന്നു കൊണ്ട് കൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന കാർഷിക പദ്ധതിയാണ് ‘പുനർജ്ജനി’. യുവാക്കളെയും വിദ്യാർഥികളെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഒരു കാർഷിക, സ്വയംപര്യാപ്ത സമൂഹമായി കേരളത്തിലെ യുവസമൂഹത്തെ മാറ്റിയെടുക്കുന്നതിനും, വീടുകളിൽ അവർക്കാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് കാർഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ യുവസമൂഹത്തെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പുനർജ്ജനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമ്പാൾ ചെറയത്ത് മൂർക്കനാട്ടുകാരൻ സി. എ ജോണിന്റെ വസതിയിൽ വച്ച് പുതുക്കാട് എംഎൽഎ കെ. കെ രാമചന്ദ്രൻ നിർവഹിച്ചു. ‘”നമ്മുടെ സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതക്ക് യുവസമൂഹം മണ്ണിനോടും പ്രകൃതിയോടും ഇഴുകിചേരുകയും, കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ഒരു തലമുറ വളർന്നു വരികയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘പുനർജ്ജനി’ പോലെയുള്ള മാതൃകാപരമായ പദ്ധതികളിലൂടെ കൈറ്റ്‌സ് ഫൗണ്ടേഷന് അതിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ അനൂപ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഐശ്വര്യ അനീഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി രാജൻ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജു, സി. എ ജോൺ ചെറയത്ത്, കൈറ്റ്സ് ഫൗണ്ടേഷൻ പരിസ്ഥിതി വിഭാഗം ഡയറക്ടർ അനഘ കെ എച്ച്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണഗീതി തുടങ്ങിയവർ സംസാരിച്ചു.കാർഷിക വെബിനാറുകൾ, കാർഷികമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പുനർജ്ജനി പോർട്ടൽ, വിവിധ കലാമത്സരങ്ങൾ, മികച്ച യുവകർഷകർക്ക് പുനർജ്ജനി അവാർഡുകൾ എന്നിങ്ങനെ പുനർജ്ജനി പദ്ധതിയുടെ ഭാഗമായി രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന വ്യത്യസ്ത പദ്ധതികളാണ് കൈറ്റ്‌സ് ഫൗണ്ടേഷൻ ആവിഷ്കരിച്ചിട്ടുള്ളത്.

Advertisement