പടിയൂര്‍: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞീട്ടും ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ആരംഭിച്ച് പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോയി കനോലി കനാലില്‍ വന്ന് ചേരുന്ന ഷണ്‍മുഖം കനാലിലാണ് ചണ്ടികളും കുളവാഴകളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട് കിടക്കുന്നത്. ഏകദേശം ആറ് കിലോമീറ്ററോളമാണ് കനാലിന്റെ നീളം. കഴിഞ്ഞ രണ്ട് പ്രളയകാലത്തും വെള്ളം നിറഞ്ഞ് സമീപപ്രദേശങ്ങളിലേക്ക് ഒഴുകാന്‍ കാരണം ഷണ്‍മുഖം കനാലിലും മറ്റ് തോടുകളിലും ചണ്ടികളും കുളവാഴകളും വന്നടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പഞ്ചായത്തുകള്‍ ഇടപെട്ട് സമയബന്ധിതമായി കുളവാഴകളും ചണ്ടികളും നീക്കം ചെയ്ത് വ്യത്തിയാക്കിയതിനാല്‍ പടിയൂരില്‍ വലിയതോതില്‍ വെള്ളക്കെട്ട് ഉണ്ടായില്ലെന്ന് പഞ്ചായത്ത് നിവാസികള്‍ പറഞ്ഞു. മഴക്കാലത്തിന് മുമ്പെ കനാലില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്ന് നേരത്തെ പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടിക പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കനാലിലെ കുളവാഴയും ചണ്ടിയും നീക്കാന്‍ ഇറിഗേഷന്‍ വകുപ്പ് പണികള്‍ ആരംഭിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി. വ്യക്തമാക്കി. എന്നാല്‍ അടുത്ത ദിവസം തന്നെ ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടികളും കുളവാഴകളും നീക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കി. ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി കരാറുകാരനെ പ്രവര്‍ത്തി ഏല്‍പ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സാധനങ്ങളും അടുപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തികള്‍ തുടങ്ങാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞീട്ടും ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം
Advertisement