മെയിൻറ്റനൻസ് ട്രൈബ്യുണൽ ഇടപെട്ടു വൃദ്ധസദനത്തിൽ ഉപേക്ഷിച്ച അമ്മയെ മകൾ ഏറ്റെടുത്തു

46

ഇരിങ്ങാലക്കുട : എടത്തിരുത്തി വില്ലേജിൽ താമസിച്ച് വന്നിരുന്ന പള്ളത്ത് വീട്ടിൽ പുഷ്‌പാവതി എന്ന വിധവയും വയോധികയുമായ അമ്മയെ മക്കൾ സംരക്ഷിക്കാത്ത സാഹചര്യത്തിൽ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിൽ കൈപ്പമംഗലം പോലീസും, പഞ്ചായത്ത് ജനമൈത്രി അംഗങ്ങളും ചേർന്ന് പ്രവേശിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് കഴിഞ്ഞു വന്നിരുന്ന ഇവരെ അനാരോഗ്യത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്നു മക്കളിൽ ആരും തന്നെ തയ്യാറാകാത്ത സാഹചര്യത്തിൽ വാർഡ് മെമ്പറായ നിഖിൽ, ആശാവർക്കറും മാറി മാറി നിന്നാണ് പുഷ്‌പാവതിയെ പരിചരിച്ചിരുന്നത്.മേൽ വിഷയം കുടുംബശ്രീ-സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിൽ നിന്നും സർവീസ് പ്രൊവൈഡർ വിനീത.കെ.എൻ സാമൂഹ്യനീതി വകുപ്പിന് കീഴിൽ മുതിർന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന ജില്ലാ വയോക്ഷേമ കോൾ സെൻറ്ററിലേയ്ക്കും, ഇരിങ്ങാലക്കുട മെയിൻറ്റനൻസ് ട്രൈബ്യുണലിനേയും അറിയിക്കുകയായിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിലും, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്ന സാഹചര്യത്തിലും, മക്കളാരും തന്നെ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ മുതിർന്ന പൗരയായ പുഷ്പവതിയുടെ താത്കാലിക സംരക്ഷണം ഉറപ്പാക്കി അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ മെയിൻറ്റനൻസ് ട്രൈബ്യുണലിൽ നിന്നും നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് 15.05.2021 ന് കൈപ്പമംഗലം പോലീസും, പഞ്ചായത്ത് ഉദ്യോഗസ്ഥരും ജാഗ്രത സമിതി അംഗങ്ങളും ചേർന്ന് കൊടുങ്ങല്ലൂർ ദയ അഗതി മന്ദിരത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.മൂന്നു മക്കളുണ്ടായിട്ടും വയോധികയായ അമ്മയെ വൃദ്ധസദനത്തിൽ എത്തിച്ചത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ഇരിങ്ങാലക്കുട മെയിൻറ്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ മധുസൂദനൻ.ഐ.ജെ ടെക്നിക്കൽ അസ്സിസ്റ്റൻറ്റിനു അടിയന്തിരനിർദ്ദശം നൽകി. നിർദ്ദേശപ്രകാരം ടെക്നിക്കൽ അസിസ്റ്റൻറ്റ് മാർഷൽ.സി.രാധാകൃഷ്ണൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ “മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ട് 2007” പ്രകാരം ഇരിങ്ങാലക്കുട മെയിൻറ്റനൻസ് ട്രൈബ്യുണൽ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.പുഷ്പാവതി പുഷ്‌പാംഗതൻ ദമ്പതികൾക്ക് 3 മക്കളാണുള്ളത്. നല്ല നിലയിൽ കഴിഞ്ഞു വരുന്ന മക്കൾ ഉണ്ടായിട്ടും വാർദ്ധക്യകകാലത്ത് അനാഥത്വത്തിൻ്റെ അനിശ്ചിതത്വത്തിൽ നിസ്സഹായയായി കഴിയേണ്ടിവന്ന ഒരമ്മയെയാണ് അധികാരികൾ ഇടപെട്ടു താത്കാലിക സംരക്ഷണം ഒരുക്കിയത്. മെയിൻറ്റനൻസ് ട്രൈബ്യുണലിൻ്റെ ഇടപെടലിനെ തുടർന്ന് ഇളയ മകളും മരുമകനും പുഷ്പാവതിയെ ദയ അഗതിമന്ദിരത്തിൽ നിന്നും ഏറ്റെടുത്ത് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു. ചികിത്സയ്ക്കും പരിശോധനകൾക്കുമായി പുഷ്‌പാവതിയെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നും ഇവർ അറിയിച്ചു.സ്ഥിരമായ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന് “മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ട് 2007” പ്രകാരം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട മെയിൻറ്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ മധുസൂദനൻ.ഐ.ജെ അറിയിച്ചു. ഇത്തരം പ്രവണതകൾ തടയുന്നതിന് സാമൂഹ്യക്ഷേമ വകുപ്പും , പ്രാദേശിക ജനപ്രതിനിധികളും ഈ കേസിൽ സ്വീകരിച്ച പോലെ മാതൃകാപരമായ സമീപനം പൊതുസമൂഹം കൂടി സ്വീകരിക്കേണ്ടതുണ്ടെന്നും മെയിൻറ്റനൻസ് ട്രൈബ്യുണൽ സൂചിപ്പിച്ചു.

Advertisement