കുഞ്ഞു മക്കള്‍ക്ക് ഒരു സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ് ചലഞ്ച് പദ്ധതിയുമായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

45

ഇരിങ്ങാലക്കുട :സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ കൂട്ടുകാര്‍ക്ക് സ്‌നേഹ ഭവനം ഒരുക്കുന്നതിന് സ്‌ക്രാപ്പ്ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തൃശ്ശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസിന്റെ നേതൃത്വത്തിലാണ് വീട് വെച്ചു കൊടുക്കുന്നത്. ഇതിന്റെ ഭാഗമായി എന്‍ എസ് എസ് വളണ്ടിയേഴ്‌സ് സ്വന്തം വീടുകളില്‍ നിന്നും സമീപത്തുള്ള വീടുകളില്‍നിന്നും പഴയ ന്യൂസ് പേപ്പര്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചും, സ്വന്തം വീട് വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന നാണയങ്ങള്‍, സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചുമാണ് സ്‌ക്രാപ്പ് ചലഞ്ച് എന്ന പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.ഇരിങ്ങാലക്കുട ക്ലസ്റ്ററിലെ ഉദ്ഘാടനം നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നഗരസഭ കൗണ്‍സിലര്‍ സ്മിതകൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് ന്റെ പി എ സി അംഗം ഹസിത.ഡി പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ മാനേജര്‍ രുഗ്മണി രാമചന്ദ്രന്‍ മാനേജ്‌മെന്റ് പ്രതിനിധി വി.പി.ആര്‍ മേനോന്‍ പ്രിന്‍സിപ്പല്‍ ലിഷ.വി.,എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് ബി.എസ് എന്നിവര്‍ സംസാരിച്ചു. ആദ്യ സംഭാവനയായി ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസിലെ പൂന്തോട്ട ചലഞ്ച്, മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ബിരിയാണി ചലഞ്ച്, എച്ച് ഡി പി എച്ച് എസ് എസ് ലെ ക്രാഫ്റ്റ് ചലഞ്ച് എന്നിവയില്‍ നിന്നും ലഭിച്ച തുക നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിക്ക് കൈമാറി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

Advertisement