വേളൂക്കര:ഓരോ പാടശേഖരവും ഭൂമിയിൽ നീർച്ചാലുകൾ ഉണ്ടാക്കുന്നതിനാൽ തരിശ് നിലത്തെ നെൽകൃഷി ജലസമൃദ്ധി നൽകുമെന്ന് ഹരിത രാഷ്ട്രീയ വക്താവ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു. വേളൂക്കര ഗ്രാമപഞ്ചായത്തിൽ പതിനേഴിലധികം വർഷമായി തരിശ് കിടന്ന പത്തേക്കറിലധികം വരുന്ന അയ്യൻകുളം പാടത്ത് വേളൂക്കര കൃഷി ഓഫീസർ വി. ധന്യയോടൊപ്പം ഞാറ് നട്ട് ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.തുമ്പൂർ കണ്ണ് കെട്ടിച്ചിറ – വഴിക്കലിച്ചിറ പാടശേഖരത്തിൻ്റെ ഭാഗമായ ഈ തരിശുനിലം ഹരിതാഭമാക്കുവാൻ മുന്നിട്ടിറങ്ങിയത് മേഖലയിലെ പ്രമുഖ കർഷകനായ റിട്ട. പ്രൊഫസർ വർഗ്ഗീസ് റാഫേലിൻ്റെ നേതൃത്വത്തിലാണ്. പെരുമ്പാവൂർ ശങ്കര വിദ്യാപീഠം കോളേജ് അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനൊപ്പം കർഷകരായ സിന്ധു ഹരികുമാർ, ചാർളി ലാസർ, ടോം കിരൺ എന്നിവരുമുണ്ട്. കൊറ്റനല്ലൂർ ബ്രാഞ്ച് കനാലിനെ ജലലഭ്യത ഉറപ്പാക്കുന്ന ടേൺ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ വേണ്ടി പരിശ്രമിച്ച വേളൂക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കെ.ടി. പീറ്ററിനെ കർഷകർക്ക് വേണ്ടി അസി. കൃഷി ഓഫീസർ എം.കെ. ഉണ്ണി ആദരിച്ചു.
തരിശ് നിലത്തെ നെൽകൃഷി ജലസമൃദ്ധി നൽകും:വാക്സറിൻ പെരെപ്പാടൻ
Advertisement