ഗ്രീൻ പുല്ലൂർ സ്മാർട്ട് വെജ് കോപ്പ് മാർട്ട് ആരംഭിച്ചു

99

പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പദ്ധതിയിലുൾപ്പെടുത്തി ഫ്രഷ് വെജിറ്റബിൾ കോപ്പ് മാർട്ട് ബാങ്കിനു മുന്നിൽ പ്രവർത്തനമാരംഭിച്ചു. ഗ്രാമീണ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതിനുള്ള സൗകര്യമാണ് കോപ്പ് മാർട്ടിലൂടെ ലഭ്യമാക്കുന്നത്. മായമില്ലാത്ത നാടൻ പച്ചക്കറികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും കർഷകർ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കുന്നതിനും സർക്കാരിൻറെ ഈ നയം മൂലം സാധിക്കും. ഗ്രീൻ പുല്ലൂർ കോപ്പ് മാർട്ടിന്റെ ഔപചാരികമായ ഉദ്ഘാടനം മുകുന്ദപുരം സർക്കിൾ സഹകരണ ബാങ്ക് ചെയർമാനും പുല്ലൂർ ബാങ്ക് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ സി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം ടി കെ ശശി, സെക്രട്ടറി ഇൻ ചാർജ് പ്രസി ഹബാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 9 :30 മുതൽ വൈകിട്ട് 7 മണി വരെ ആയിരിക്കും വെജ് ഫ്രഷ് കോപ്പ് മാർട്ടിന്റെ വിൽപ്പന ഉണ്ടായിരിക്കുക.

Advertisement