തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടണം :ഫ്രണ്ട്‌സ് ഓഫ് പഞ്ചായത്ത്‌ കൂട്ടായ്മ

146

ഇരിങ്ങാലക്കുട :സമ്പർക്കം മൂലമുള്ള കോവിഡ് രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചുരുങ്ങിയത് 4 മാസത്തേക്ക് നീട്ടിവെക്കണമെന്നു ഫ്രണ്ട്‌സ് ഓഫ് പഞ്ചായത്ത്‌ കൂട്ടായ്മ ആവശ്യപ്പെട്ടു.ത്രിതല പഞ്ചായത്തുകളിലേക്ക്‌ ഒരു സമ്മതിദായകൻ മൂന്ന് വോട്ടു രേഖപ്പെടുത്തണം. നിലവിൽ കോവിഡ് നിയന്ത്രണം പാലിച്ചുവേണം വോട്ടെടുപ്പ്. 11മണിക്കൂർ വോട്ടിംഗ് സമയത്തിനുള്ളിൽ ഒരു ബൂത്തിൽ കൂടിയാൽ 400- 410 വോട്ടുകളെ രേഖപെടുത്തുവാൻ കഴിയൂ. നിലവിലെ ബൂത്തുകളുടെ എണ്ണം ഇരട്ടിയാക്കിയാൽ മാത്രമേ ഇതു സാധ്യമാകൂ. തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കും ഇപ്പോൾ കടുത്ത നിയന്ത്രണം വേണ്ടിവരും.അടിയന്തിര സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് 6 മാസം വരെ നീട്ടി വെക്കാൻ കഴിയുമെന്നിരിക്കെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം കാട്ടുന്നത് എന്തിനെന്ന് വ്യക്തമല്ല. 2010ൽ ഒരു മാസവും 2015 ൽ രണ്ടാഴ്ച്ചയും നീട്ടിവെച്ചിട്ടുണ്ട്. (മുൻകാലങ്ങളിൽ സെപ്റ്റംബർ അവസാനം തെരഞ്ഞെടുപ്പും ഒക്ടോബർ 2നു പുതിയ ഭരണസമിതി അവരോധിക്കലും ആയിരുന്നു പതിവ്). ഫ്രണ്ട്‌സ് ഓഫ് പഞ്ചായത്ത്‌ കൂട്ടായ്മ യോഗത്തിൽ ഹരി ഇരിങ്ങാലക്കുട അധ്യക്ഷനായി. സി.എം.പ്രേമാനന്ദ്, എം.സോമസുന്ദരം, സി.ജി.അശോകൻ, വി. ഭാസുരാംഗൻ, കെ.എൻ.ബാലൻ എന്നിവർ സംസാരിച്ചു. ഓൺലൈൻ ആയിരുന്നു യോഗം.

Advertisement