കാട്ടൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി:കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ചു

226

കാട്ടൂർ: പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ചു.വ്യാപാര സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ,ആശുപത്രി,ബാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഇന്ന് പരിശോധന നടത്തിയത്.പ്രധാനമായും മാസ്‌ക്ക് ധരിക്കാത്തവർ,അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നവർ,പൊതു ഇടങ്ങളിൽ കറങ്ങി നടക്കുന്നവർ,10 വയസ്സിന് താഴെയുള്ള കുട്ടികളെ പൊതു ഇടങ്ങളിൽ അനാവശ്യമായി കൊണ്ട് വരുന്നവർ തുടങ്ങിയവർക്കെതിരെയാണ് നടപടികൾ സ്വീകരിച്ചത്.ആദ്യ ഘട്ടം എന്ന നിലയിൽ പലരെയും മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നു.ചിലരിൽ നിന്നും പിഴ ഈടാക്കി.മാസ്‌ക്ക് ധരിക്കാത്ത ചിലർക്ക് മാസ്‌ക് ധരിപ്പിച്ചു നൽകി പറഞ്ഞയച്ചു. അനാവശ്യമായി കറങ്ങി നടന്നിരുന്ന കുട്ടികളെ ബോധവൽക്കരണം നടത്തി വീടുകളിലേക്ക് തിരിച്ചയച്ചു,അത്തരക്കാരുടെ രക്ഷിതാക്കളെ ഫോണിലൂടെ താക്കീത് ചെയ്യുകയും ചെയ്തു. ആരോഗ്യ വിഭാഗം ഇൻസ്‌പെക്ടർ ഉമേഷ്,ജൂനിയർ ഇൻസ്‌പെക്ടർ നീതു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ് അറിയിച്ചു.എല്ലാവരും നിർദ്ദേശങ്ങൾ അനുസരിക്കുകയും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും അനാവശ്യ യാത്രകളും,പൊതിയിടങ്ങളിൽ കൂട്ടം കൂടുന്നതും ഒഴിവാക്കുകയും വേണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisement