മുരിയാട് ഗ്രാമപഞ്ചായത്ത്‌ ക്വാറന്റൈൻ സെന്ററിൽ അനാസ്ഥ ആരോപിച്ച് മുരിയാട് മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

100

മുരിയാട്: ഗ്രാമപഞ്ചായത്ത്‌ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്കും അവിടെ ഡ്യൂട്ടിയിൽലുള്ള അദ്ധ്യാപകർക്കും സുരക്ഷയും സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ന്റെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ ധർണ്ണ നടത്തി. കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അന്യ നാടുകളിൽ നിന്നും വിദേശത്തുനിന്നും എത്തുന്ന വീട്ടിൽ നീരീക്ഷണത്തിനു സൗകര്യം ഇല്ലാത്ത മലയാളികൾക്ക് പഞ്ചായത്ത്‌ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ ജീവനക്കാർക്കും പ്രവാസികൾക്കും യാതൊരു വിധ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടില്ല എന്നുമാത്രമല്ല അധികൃതർ ആരും തിരിഞ്ഞു നോക്കുന്നു പോലും ഇല്ല. കഴിഞ്ഞ ദിവസം തന്നെ കുവൈറ്റിൽ നിന്നും എത്തിയ ഒരു പ്രവാസി നേരിട്ട് എത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അദ്ധ്യാപകന് ഫോൺ കൈമാറി സംസാരിച്ചു അതിനുശേഷമാണ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകൻ മനസിലാക്കുന്നത് ഈ വന്ന ആള് തന്നെ ആണ് ക്വാറന്റൈൻ സെന്റർ സൗകര്യത്തിനായി എത്തിയത് എന്ന്. അധികാരികളുടെ ഈ അനാസ്‌ഥ മൂലം ആ അദ്ധ്യാപകൻ നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതി ഉണ്ടായി. സുമനസ്സുകളായ മുരിയാട് എംപറർ ഇമ്മാനുവൽ സഭയും പുല്ലൂർ സെന്റ് സേവിയേഴ്‌സ് പള്ളിയും പഞ്ചായത്തിനായി സ്ഥലം വിട്ടുകൊടുത്തിട്ടും വേണ്ടത്ര സുരക്ഷയും സൗകര്യവും ഒരുക്കാത്തതു പഞ്ചായത്തിന്റെ കെടുകാര്യസ്ഥത വിളിച്ചു കാട്ടുന്നു. ഈ പരാതികളുമായി പ്രസിഡന്റ്‌ നെ സമീപിച്ചപ്പോൾ പ്രസിഡന്റ്‌ ന് ഇതേ പറ്റി യാതൊന്നും അറിയില്ലെന്നും അറിയിച്ചു. ക്വാറന്റൈനിൽ കഴിയുന്ന അദ്ധ്യാപകർക്ക് അമിതജോലിഭാരം ആണെന്നും, കൂടുതൽ ജീവനക്കാരെ വേണമെന്നും അറിയിച്ചിട്ട് അധികാരികൾ തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല. ഡ്യൂട്ടിയിൽ ഉള്ള അദ്ധ്യാപകർക്കും, പ്രവാസികൾക്കും ഇരിക്കുവാനായി കസേരകളോ കിടക്കാനായി ബെഡുകളോ അധികാരികൾ എത്തിച്ചിരുന്നില്ല ന്യൂസ്‌ പേപ്പർ വിരിച്ചാണ് അവർ അവിടെ കഴിഞ്ഞിരുന്നത്.അവർക്കു ആവശ്യമായ ഭക്ഷണമോ കുടിവെള്ളമോ പോലും അധികൃതർ എത്തിച്ചിരുന്നില്ല. ഈ ന്യൂനതകൾ ഉടൻ പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു .യൂത്തുകോൺഗ്രെസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്തിന്റ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ തോമസ് തത്തംപിള്ളി ഉൽഘടനം ചെയ്തു മുരിയാട് പഞ്ചായത്ത്‌ യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജസ്റ്റിൻ ജോർജ് സ്വാഗതവും എബിൻ ജോൺ നന്ദി പറഞ്ഞ ധർണ്ണക്കു മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ കെ സന്തോഷ്‌, പഞ്ചായത്ത്‌ മെമ്പർമാരായ തോമസ് തൊകലത്ത്‌, മോളി ജേക്കബ് , യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഐവിൻ, അർജുൻ, ജിന്റോ, ദിനേശ് അഗ്നൽ എന്നിവർ നേതൃത്വം നൽകി.ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനായി സ്ഥലംവിട്ടുനൽകിയ പുല്ലൂർ സെന്റ് സേവിയേഴ്‌സ് ചർച്ചിനും മുരിയാട് എംപറർ ഇമ്മാനുവൽ സഭക്കും യൂത്ത് കോൺഗ്രസ്‌ ന്റെ നന്ദി അറിയിച്ചു.ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു . മുരിയാട് ഗ്രാമ പഞ്ചായത്തിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർക്ക് പ്രത്യേക ഫ്ലാറ്റില്‍ 2 റൂമും ശുചി മുറിയും ഉള്ളതാണ്. പ്രാഥമിക സൗകര്യങ്ങൾ ഇല്ല എന്ന തരത്തിൽ പ്രചരണത്തിലേർപ്പെടുന്നത് ദുരൂഹമാണ്. എല്ലാ വിധ സൗകര്യങ്ങളുമുള്ള ഈ കേന്ദത്തിൽ കഴിഞ്ഞ ദിവസം വിദേശത്തു നിന്നുള്ള ഒരു വ്യക്തി വന്നപ്പോൾ ഔദ്യോഗികമായി അറിയിപ്പു ലഭിച്ചില്ലെങ്കിലും അവിടെ പാർപ്പിക്കുകയുണ്ടായി. ആ വ്യക്തിയുമായി ഇടപഴകിയ അധ്യാപകന്റെ കോവിഡ് പ്രോട്ടോകോൾ ലംഘനം അദ്ദേഹത്തെ ക്വാറന്റീനിൽ പോകാനിടവരുത്തിയത് തികച്ചും ഒഴിവാക്കേണ്ടതായിരുന്നു. അവിടെ ശാരീരിക അകലം പാലിക്കുക എന്നത്‌ ലംഘിക്കപ്പെടുകയും ഫോൺ വാങ്ങി ഉപയോഗിക്കുകയും ചെയ്യുവാൻ ഇടവരികയുണ്ടായി. ആയത് ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ വീഴ്ചയാണ് ആയത് ഒഴിവാക്കേണ്ടതായിരുന്നു.ആയത് മറച്ച് വച്ച് പഞ്ചായത്ത് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. ഓരോ വ്യക്തിയും നമുക്ക് ഒഴിവാക്കാനാവാത്തവരാണ് അത് നിരീക്ഷണത്തിലുള്ളവരായാലും ഡ്യൂട്ടിയിലുള്ള അധ്യാപകരായാലും അവരുടെ ജീവനും കുടുംബവും സംരക്ഷിക്കുക എന്ന ഉയർന്ന ബോധത്തിലാണ് നമ്മുടെ പ്രവർത്തനങ്ങൾ നമ്മൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ നിലവാരത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ പ്രവർത്തനത്തെ അവഹേളിക്കുന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചരണങ്ങളിൽ വീണു പോകരുതെന്നും പഞ്ചായത്ത് അറിയിച്ചു.

Advertisement