പതിനായിരം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കി കൊടുങ്ങല്ലൂർ താലൂക്ക് ഗവ ആശുപത്രി

157

കൊടുങ്ങല്ലൂർ:പതിനായിരം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കി കൊടുങ്ങല്ലൂർ താലൂക്ക് ഗവ ആശുപത്രി. ഒരു കോടി രൂപയാണ് ഇത്രയും ഡയാലിസിസ് പൂർത്തിയാക്കിയതിന് ചെലവായ തുക. ഒരു ദിവസം 18 പേർക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നു. ഒരാൾക്ക് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്യേണ്ടി വരുന്നുണ്ട്. നിലവിൽ 48 രോഗികൾക്ക് ഡയാലിസിസ് ചെയ്തു വരുന്നു.2016 ആഗസ്റ്റ് 26 നാണ് താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. മുൻ എംപി ഇന്നസെന്റിന്റെ എംപി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ നാല് ഡയാലിസിസ് മെഷിനുകൾ ഉപയോഗിച്ചായിരുന്നു ആദ്യത്തെ പ്രവർത്തനം. 2016 സെപ്റ്റംബർ 19 ന് മണിലാൽ എന്ന വ്യക്തിക്ക് ഡയാലിസിസ് ചെയ്ത് പദ്ധതിക്ക് തുടക്കമായി. 2018ൽ കിഫ് ബി ഫണ്ടുപയോഗിച്ച് 6 മെഷീനുകൾ കൂടി ആസ്പത്രിയിലേക്ക് ലഭിച്ചു. ഇപ്പോൾ 10 മെഷീനുകൾ പ്രവർത്തനക്ഷമമാണ്. ഡയാലിസിസിസിന് മാത്രമായി കൊടുങ്ങല്ലൂർ നഗരസഭയിൽ നിന്ന് 60 ലക്ഷം രൂപ നൽകിയതായി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു.10000 ഡയാലിസിസ് പൂർത്തിയായതിന്റെ പ്രഖ്യാപനം അഡ്വ വി.ആർ.സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ടി.വി.റോഷ്, ഡോ.സുനിൽ, വിവിധ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ഡയാലിസിസ് യൂണിറ്റിലെ ഡോക്ടറെയും ടെക്‌നീഷ്യനെയും ജീവനക്കാരെയും എംഎൽഎയും ചെയർമാനും ചേർന്ന് ചടങ്ങിൽ ആദരിച്ചു.

Advertisement