നാടിനൊരു കൈത്താങ്ങായി എ ഐ വൈ എഫ്

47

കാറളം :മഹാമാരിയെ നേരിടാനുള്ള കേരളത്തിന്റെ പരിശ്രമങ്ങൾക്ക് പിന്തുണയുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചു നൽകി കാറളത്തെ പുതുതലമുറ. കാറളത്തെ എഐവൈഎഫ് പ്രവർത്തകരാണ് ബിരിയാണി തയ്യാറാക്കി വീട്ടിലെത്തിച്ചു കൊടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചു നൽകിയത്. വിവാഹ സദ്യകളോ വിരുന്ന് സൽക്കാരങ്ങളോ ഇല്ലാത്ത കാലത്തും, ഹോട്ടലുകൾ എല്ലാം അടഞ്ഞു കിടക്കുന്ന സമയത്തും ബിരിയാണി കഴിക്കുവാനുള്ള സാഹചര്യം ഒരുക്കികൊണ്ട് അതിനെ മാതൃകാപരമായ പ്രവർത്തനമാക്കി മാറ്റിയതിലൂടെ സമൂഹത്തിന്റെ മികച്ച പ്രതികരണം നേടിയെടുക്കുവാൻ എഐവൈഎഫിന്റെ പ്രവർത്തകർക്ക് സാധിച്ചു. ഫണ്ട് സമാഹരണത്തിനാണെങ്കിലും മിതമായ വില നിശ്ചയിച്ചാണ് ഓർഡറുകൾ സ്വീകരിച്ചത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗം റഷീദ് കാറളം ആണ്‌ പാചകത്തിന് നേതൃത്വം നൽകിയത്. ബിരിയാണി വിതരണത്തിലൂടെ ലഭിച്ച ഇരുപത്തിഅയ്യായിരത്തി ഇരുന്നൂറ്റിപ്പത്ത് രൂപാ ഗവ. ചീഫ് വിപ്പ് കെ. രാജൻ എഐവൈഎഫ് കാറളം മേഖലാ സെക്രട്ടറി ഷാഹിൽ, പ്രസിഡന്റ് യദുകൃഷ്ണൻ എൻ.ആർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement