കോവിഡ് 19: പ്രതിരോധം മുന്നിൽ നിന്ന് നയിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ

102

തൃശൂർ :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ തൃശൂർ ജില്ല കൈവരിച്ച പുരോഗതിക്ക് അടിസ്ഥാനമായത് ഗ്രാമപഞ്ചായത്തുകൾ നടത്തിയ മികച്ച പ്രവർത്തനം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളും രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. ആദ്യഘട്ടത്തിൽ 38 ഗ്രാമപഞ്ചായത്തുകളിലാണ് കോവിഡ് 19 നിരീക്ഷണത്തിലുളളവർ ഉണ്ടായിരുന്നത്. രണ്ടാംഘട്ടത്തിൽ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലുമായി 18365 പേർ നിരീക്ഷണത്തിലായി.ഗ്രാമ പഞ്ചായത്ത് തലത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും സോഷ്യൽ സപ്പോർട്ട് മാനേജ്മെന്റ് നോഡൽ ഓഫീസറായി പ്രവർത്തിച്ചത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. കളക്ടറേറ്റിലുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കൺട്രോൾ റൂമായി മാറ്റുകയും ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ സൂപ്രണ്ട്, 4 ജൂനിയർ സൂപ്രണ്ടുമാർ, ഡാറ്റാ കളക്ടിങ് ടീം എന്നിവരെയുൾപ്പെടുത്തി പുന:സംവിധാനം ചെയ്യുകയും ചെയ്തു. അതിനോടൊപ്പം കോൾ സെന്ററും പ്രവർത്തിച്ചു. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾ 15 വീതം ഗ്രൂപ്പുകളാക്കി തിരിച്ച്, ഓഡിറ്റ് സൂപ്പർവൈസർമാർക്ക് പ്രവർത്തനങ്ങളുടെ പരിശോധന ചുമതല നൽകി.24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഗ്രാമപഞ്ചായത്ത് ഓഫീസുകളാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ അതാതിടങ്ങളിലെ കൺട്രോൾ റൂമുകൾ. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾക്ക് നിർവ്വഹണ രൂപം നൽകിയത് ഈ സ്ഥാപനങ്ങളാണ്. തീരുമാനങ്ങൾ അതിവേഗം ഇവർ നടപ്പിലാക്കി. പ്രസിഡന്റ്, സെക്രട്ടറി, മെഡിക്കൽ ഓഫീസർ എന്നിവരാണ് ദിനംപ്രതി അതത് പഞ്ചായത്ത് പരിധിയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തിരുന്നത്. കമ്യൂണിറ്റി കിച്ചണകളുടെ മേൽനോട്ട ചുമതല അസിസ്റ്റന്റ് സെക്രട്ടറിമാർക്കായിരുന്നു.ജില്ലയിൽ 1600 കൈകഴുകൽ കിയോസ്‌കുകൾ സന്നദ്ധസംഘടനകളുടെ കൂടി സഹായത്താൽ ഗ്രാമപഞ്ചായത്തുകളിൽ സ്ഥാപിച്ചു. അതിഥി തൊഴിലാളികൾക്ക് മാത്രമായി ആറ് ക്യാമ്പുകൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്.ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ആദ്യഘട്ടത്തിൽ 13000 ഭക്ഷണ കിറ്റുകളും, രണ്ടാം ഘട്ടത്തിൽ 19000 ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. ഇപ്രകാരം പഴുതടച്ച് ഗ്രാമപഞ്ചായത്തുകൾ നടത്തിയ പ്രവർത്തനമാണ് രോഗവ്യാപനത്തെ ചെറുക്കാൻ തൃശൂർ ജില്ലയ്ക്ക് തുണയായത്.

Advertisement