തൃശ്ശൂര്‍:കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു

139

തൃശ്ശൂര്‍:കോവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ദുബായില്‍ നിന്ന് മടങ്ങി എത്തി ചികിത്സയില്‍ പ്രവേശിപ്പിച്ചയാളെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വീടുകളില്‍ 14677 പേരും ആശുപത്രികളില്‍ 39 പേരും ഉള്‍പ്പെടെ ആകെ 14716 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ഏപ്രില്‍ 6) 262 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 പേരെ വിടുതല്‍ ചെയ്തു.തിങ്കളാഴ്ച (ഏപ്രില്‍ 6) 13 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 825 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 809 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 228 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (ഏപ്രില്‍ 6) 183 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രത കര്‍ശനമായി തുടരുന്നു. . ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. നിരീക്ഷണത്തിലുളളവര്‍ക്ക് നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കി. തിങ്കളാഴ്ച (ഏപ്രില്‍ 6) 2304 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു.
സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, അഗ്‌നിശമന വിഭാഗം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ചാവക്കാട്, ഗുരുവായൂര്‍ എന്നീ പ്രദേശങ്ങളിലെ കെഎസ്ഇബി ഓഫീസുകള്‍, ജിഎസ്ടി ഓഫീസ്, എടിഎമ്മുകള്‍, ബാങ്കുകള്‍ അണുവിമുക്തമാക്കി.
ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ 89-ാം ബാച്ചിന്റെ കൂട്ടായ്മയായ റേ ഓഫ് ഹോപിന്റെ സഹകരണത്തോടെ ആശുപത്രികളില്‍ വരികയും പോവുകയും ചെയ്യുന്ന ആളുകളെ അണുവിമുക്തമാക്കാന്‍ ഉപകരിക്കുന്ന ഡിസ്ഇന്‍ഫെക്ഷന്‍ ടണല്‍ തൃശൂര്‍ ജനറല്‍ ആശുപത്രി, ചാവക്കാട് താലൂക്കാസ്ഥാന ആശുപത്രി, ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രി, ഗുരുവായൂര്‍ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സ്ഥാപിക്കും.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 2585 പേരെയും മത്സ്യചന്തയില്‍ 1125 പേരെയും ശക്തന്‍ ബസ് സ്റ്റാന്‍ഡിലെത്തിയെ 86 പേരെയും സ്‌ക്രീന്‍ ചെയ്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ അഗതികളെ പാര്‍പ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കും വേണ്ട വിധത്തിലുളള സ്‌ക്രീനിങ്ങും ബോധവല്‍ക്കരണവും തുടരുന്നു.

Advertisement