ഇരിങ്ങാലക്കുട : കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിനെ പറ്റി സംസാരിച്ചതിനെ തുടര്‍ന്നുള്ള വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താലും തറവാട്ടു വീടിനോടു ചേര്ന്നുള്ള കടയുടെ മുന്‍വശത്ത് ഇരുന്ന് പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യത്താലും സഹോദരനെ ഉലക്ക കൊണ്ട് വയറ്റില്‍ കുത്തിയും തലയ്ക്ക് അടിച്ച് മാരകമായി പരിക്കേല്പിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്നു കണ്ടു. ചെന്ത്രാപ്പിന്നി വില്ലേജ് കൂട്ടാലപ്പറമ്പ് ദേശത്ത് കൊട്ടുക്കല്‍ വീട്ടില്‍ ജയപാലന്‍ മകന്‍ മധുലാല്‍ (45) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ സുവീഷ് എന്ന സുവിയെ (39) ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീ. കെ.എസ്. രാജീവ് കുറ്റക്കാരനെന്നു കണ്ടത്. പിതാവിന്റെ സ്വത്ത് ഭാഗം വയ്ക്കുതിനെ പറ്റി സഹോദരങ്ങള്‍ തമ്മില്‍ വഴക്കിടുക പതിവായിരുന്നു. 2016 ആഗസ്റ്റ് 7 ന് രാത്രി 9 മണിയോടെ മധുലാലും പ്രതിയും തമ്മില്‍ വഴക്കുണ്ടാകുകയും അതിന്റെ തുടര്‍ച്ചയായി 9.30 ഓടെ ബന്ധു വീട്ടില്‍ സംസാരിച്ചു കൊണ്ടിരുന്ന മധുലാലിനെ റോഡിലേക്ക് വിളിച്ചിറക്കി കൊണ്ടു പോയി ഉലക്ക കൊണ്ട് വയറ്റില്‍ കുത്തുകയും തലയില്‍ അടിച്ച് മാരകമായി പരിക്കേല്പിക്കുകയും ചെയ്യുകയായിരുന്നു. അടി കൊണ്ട മധുലാലിനെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.മതിലകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.എസ്. ശ്രീരാമചന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.സി. ബിജുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്നു കണ്ടത്. കേസില്‍ പ്രതിക്കുള്ള ശിക്ഷയെക്കുറിച്ചുള്ള വാദം 3.3.2020 ന് നടക്കും. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍ എന്നിവര്‍ ഹാജരായി.
ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തി
Advertisement