വെള്ളാങ്ങല്ലൂര്‍: പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പഞ്ചായത്തിലെ ഉന്നതവിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി മെറിറ്റ് ഡേ നടത്തി. ആദിവാസി വിഭാഗത്തില്‍ നിന്ന് മുഴുവന്‍ എ പ്ലസ് നേടി വിജയിച്ച വൈഷ്ണവി ബാലകൃഷ്ണനും പ്ലസ് ടു വിഭാഗത്തില്‍ കരൂപ്പടന്ന സ്കൂളില്‍ നിന്ന് 97 ശതമാനം മാര്‍ക്ക് വാങ്ങി എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച തസ്ലീമക്കും പ്രത്യേക പുരസ്കാരം നല്‍കി കെ.പി.സി.സി. ജനറല്‍സെക്രട്ടറി വത്സല പ്രസന്നകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.ആര്‍.രാമദാസ് അധ്യക്ഷനായി. ടി.എം.നാസര്‍, നൗഷാദ് ആറ്റുപറമ്പത്ത്, ഷാഹുല്‍ പണിക്കവീട്ടില്‍, അയൂബ് കരൂപ്പടന്ന, ജോയ് കോലങ്കണ്ണി, ഭാസ്കരന്‍, വേണു വെണ്ണറ, ഈ.വി.സജീവ്, നസീമ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 23 വിദ്യാര്‍ഥികള്‍ക്കും പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 13 വിദ്യാര്‍ഥികള്‍ക്കും ചടങ്ങില്‍ വെച്ച് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി. കൂടാതെ മറ്റു ക്ലാസ്സുകളില്‍ പഠിക്കുന്ന തിരഞ്ഞെടുത്ത 41 പേര്‍ക്ക് സ്കോളര്‍ഷിപ്പും വിതരണം ചെയ്തു.
Advertisement