ഇരിങ്ങാലക്കുട കണ്‌ഠേശ്വരത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവര്‍ച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
ഹൗറ ജില്ലയില്‍ ശ്യാംപൂര്‍-കാന്തിലാബാര്‍ സ്വദേശിയായ അമിയ സാമന്ത (38 വയസ്സ്) യെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കണ്‌ഠേശ്വരം പണ്ഡാരത്ത് പറമ്പില്‍ ഭരതന്‍ എന്നയാളുടെ കീഴില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പശ്ചിമ ബംഗാള്‍ ഹൗറ ജില്ലക്കാരനായ ജാദബ് കുമാര്‍ ദാസാണ് 2012 ഒക്ടോബര്‍ മാസം 12-ാം തിയ്യതി കണ്‌ഠേശ്വരത്തുള്ള താമസ സ്ഥലത്തുവെച്ച് കൊലചെയ്യപ്പെട്ടത്. ഭരതന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് കൊല ചെയ്യപ്പെട്ട ജാദബ് കുമാര്‍ ദാസ് താമസിച്ച് ജോലി ചെയ്തിരുന്നത്. അടുത്ത ബന്ധുവായ പ്രതിയും ഏതാനും നാള്‍ അവിടെ ജോലി ചെയ്തിരുന്നു. പിന്നീട് പ്രതി നാട്ടിലേക്കു മടങ്ങിപോയിരുന്നു.
സംഭവത്തിന് അഞ്ചു ദിവസം മുന്‍പ് 215 ഗ്രാം സ്വര്‍ണ്ണ കട്ടി ആഭരണങ്ങള്‍ പണിയുന്നതിനായി ഭരതന്‍ കൊല്ലപ്പെട്ട ജാദബ് കുമാര്‍ ദാസിനെ ഏല്‍പ്പിച്ചിരുന്നു. ആഭരണ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ 11-ാം തിയ്യതി വൈകീട്ട് പ്രതി ജാദബ് കുമാര്‍ ദാസിന്റ താമസസ്ഥലത്ത് എത്തി. ആഭരണപ്പണി പരിശോധിക്കാന്‍ ചെന്ന ഭരതനോട് ബന്ധുവായ പ്രതി എത്തിയിട്ടുണ്ടെന്ന വിവരം ജാദബ് കുമാര്‍ ദാസ് പറഞ്ഞിരുന്നു. ആഭരണ നിര്‍മ്മാണത്തിന് ഉതകും വിധം സ്വര്‍ണ്ണ കട്ടിയെ തരികളായും വളയങ്ങളായും റിബണാകൃതിയിലും മറ്റും മാറ്റി തീര്‍ത്തിട്ടുള്ളതും ജാദബ് കുമാര്‍ ദാസ് ഭരതനെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയിരുന്നു. 12-ാം തിയ്യതി രാത്രി കൊല നടത്തിയ പ്രതി 13-ാം തിയ്യതി അതിരാവിലെ തൃശൂരിലെത്തുകയും ട്രെയിന്‍ മാര്‍ഗ്ഗം പശ്ചിമ ബംഗാളില്‍ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. ജാദബ് കുമാര്‍ ദാസിന്റെ അഴുകി തുടങ്ങിയ ശവശരീരം 14-ാം തിയ്യതി മാത്രമാണ് കണ്ടെത്തിയത്.കൊല നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശികളായ മറ്റു തൊഴിലാളികള്‍ ജാദബ് കുമാര്‍ ദാസിനെ 2 ദിവസങ്ങളായി കാണാനാകാത്തതു കൊണ്ട് നടത്തിയ അന്വേഷണത്തില്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും കുറ്റിയിട്ടതായി കാണുകയും വിവരം ഉടമസ്ഥനായ ഭരതനെ ഫോണ്‍ മുഖാന്തിരം അറിയിക്കുകയുമായിരുന്നു.ഭരതന്‍ സ്ഥലത്തു ചെന്ന് വാതില്‍ തുറന്നപ്പോഴാണ് സംഭവം അറിയാന്‍ സാധിച്ചത്.കൊല്ലപ്പെട്ട ജാദബ് കുമാര്‍ ദാസിനൊപ്പം സംഭവ ദിവസം കാലത്ത് പ്രതിയെ സമീപത്തു താമസക്കാരായ മറ്റു തൊഴിലാളികള്‍ കണ്ടിരുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സ്വദേശമായ പശ്ചിമ ബംഗാളില്‍ എത്തിചേര്‍ന്നതായി മനസ്സിലാക്കി.പ്രതിയെ പിന്തുടര്‍ന്ന് ചെന്ന പോലീസിന് 17/10/12 തിയ്യതി തന്നെ പശ്ചിമ ബംഗാളിലെ ചക്രാപ്പൂര്‍ ഗ്രാമത്തില്‍ വെച്ച് പ്രതിയെ അറസ്റ്റു ചെയ്യാന്‍ സാധിച്ചു. കൊലപാതകത്തിനു ശേഷം പ്രതി കവര്‍ച്ച ചെയ്തു കൊണ്ടുപോയ സ്വര്‍ണ്ണ ഉരുപ്പടികള്‍ 24 ഫര്‍ഗാന ജില്ലയില്‍ ചക്രാപൂര്‍ ഗ്രാമത്തിലെ പ്രതിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനും സാധിച്ചു.
കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 26 സാക്ഷികളെ വിസ്തരിച്ചു.30 രേഖകളും 20 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
12-ാം തിയ്യതി രാത്രി കൊല നടത്തിയ ശേഷം 13-ാം തിയ്യതി അതിരാവിലെ ഇരിങ്ങാലക്കുട നിന്നും തൃശൂര്‍ക്കുള്ള KSRTC ബസ്സില്‍ സഞ്ചരിച്ച പ്രതിയെ തിരിച്ചറിഞ്ഞ് ബസ് കണ്ടക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. തൃശൂരില്‍ എത്തിയ പ്രതി പുത്തന്‍പള്ളിക്കു സമീപം പശ്ചിമ ബംഗാള്‍ സ്വദേശികളായ ഏതാനും സ്വര്‍ണ്ണാഭരണ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയിരുന്നതായും കുളി കഴിഞ്ഞ് മടങ്ങിയതായും മറ്റും രണ്ടു തൊഴിലാളികളും മൊഴി നല്‍കി. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണ ഉരുപ്പടികളും മറ്റു മുതലുകളുമായി ചക്രാപ്പൂര്‍ ഗ്രാമത്തിലെത്തിയ പ്രതി രാത്രി താമസിക്കുന്നതിന് പരിചയക്കാരനായ ബപ്പാ നസ്‌ക്കര്‍ എന്നയാളുടെ വീട്ടിലെത്തുകയും അന്നേ ദിവസം അവിടെതാമസിക്കുകയും, അകത്തെ മുറിയില്‍ സ്വര്‍ണ്ണ ഉരുപ്പടികളും മറ്റു മുതലുകളും സൂക്ഷിച്ചു വെക്കുകയും ചെയ്തതായി ബപ്പാനസ്‌ക്കര്‍ കോടതി മുന്‍പാകെ മൊഴി നല്‍കി. പശ്ചിമ ബംഗാള്‍ സ്വദേശികളായ സാക്ഷികളില്‍ പലരേയും ദ്വിഭാഷികളുടെ സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും വിസ്തരിച്ചത്.
വളരെ ഗുരുതരമായ 27 മുറിവുകളാണ് ജാദബ് കുമാറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വലിയതരം കത്തി വില്‍പ്പന നടത്തിയ കച്ചവടക്കാരനും കോടതി മുന്‍പാകെ മൊഴി നല്‍കിയിരുന്നു.കൂടാതെ ശാസ്ത്രീയ തെളിവുകളും ശിക്ഷ ഉറപ്പു വരുത്തുന്നതിന് സഹായകമായി. സംഭവസ്ഥലം പരിശോധിച്ച വിരലടയാള വിദഗ്ദന്‍ പ്രതിയുടെ വിരലടയാളം ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട ജാദവിന്റെ കൈകളില്‍ പ്രതിയുടെ മുടി കുരുങ്ങി കിടന്നിരുന്നത് സയന്റിഫിക് അസിസ്റ്റന്റ് ശേഖരിച്ച് നടത്തിയ രാസപരിശോധനാ ഫലവും കേസ്സില്‍ നിര്‍ണ്ണായക തെളിവായി. വിരലടയാള വിദഗ്ദനേയും, സയന്റിഫിക് എക്‌സ്പര്‍ട്ടുകളേയും മറ്റും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും വിസ്തരിച്ചു. സംഭവം നേരില്‍ കണ്ട സാക്ഷികളാരും ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസ് ശിക്ഷിക്കാന്‍ സാധിച്ചത് പ്രോസിക്യൂഷന്റെ മികവായി. ഇരിങ്ങാലക്കുട സി.ഐ.ആയിരുന്ന ടി.എസ്.സിനോജാണ് ഫലപ്രദമായ നിലയില്‍ കേസന്വേഷണം നടത്തിയത്.
കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഡ്വ.അമീര്‍, അഡ്വ.കെ.എം.ദില്‍ എന്നിവര്‍ ഹാജരായി.പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരത്തെ ഫലപ്രദമായി സംയോജിപ്പിച്ചത് ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസറായ ജോഷി ജോസഫ് ആയിരുന്നു,.