കാറളം: 26 വര്‍ഷമായിട്ടും അറ്റകുറ്റപണികള്‍ നടത്താതെ തകര്‍ന്നുകിടക്കുന്ന കല്ലട-ഹരിപുരം റോഡിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പഞ്ചായത്താഫിസിലെത്തി പ്രസിഡന്റിനെ കണ്ടു. ഏപ്രില്‍ ആദ്യവാരം തന്നെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡാണ് 26 വര്‍ഷമായിട്ടും അറ്റകുറ്റപണികള്‍ നടത്താതെ തകര്‍ന്നുകിടക്കുന്നത്. മണ്‍പാതയായിരുന്ന റോഡ് 1992ലാണ് ടാറിങ്ങ് നടത്തിയത്. എന്നാല്‍ അതിന് ശേഷം 26 വര്‍ഷമായിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും റോഡില്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മുന്‍ എം.എല്‍.എ.യുടെ കാലത്തും ഇപ്പോഴത്തെ എം.എല്‍.എ.യും റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിക്കുകയും നിര്‍മ്മാണോദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും ഇതുവരേയും റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. പഞ്ചായത്തിലെ മറ്റ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായപ്പോഴും ഈ റോഡിനോട് അവഗണന തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. 34 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. എന്നാല്‍ എം.എല്‍.എ. ഫണ്ടായതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സാങ്കേതികമായ ഒരു തടസ്സങ്ങളും ഇല്ലെന്നും കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് നാട്ടുകാരോട് പറഞ്ഞു. ടെണ്ടര്‍ നല്‍കിയിട്ടുണ്ടെന്നും കോണ്‍ട്രാക്ടര്‍ക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള ചില സാമ്പത്തിക തടസ്സങ്ങളാണ് വൈകാന്‍ കാരണമെന്നും പ്രസിഡന്റ് പറഞ്ഞു. ഏപ്രില്‍ ആദ്യവാരം തന്നെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് കോണ്‍ട്രാക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. പ്രസിഡന്റിന്റെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരിച്ചുപോകുകയായിരുന്നു.