സ്ത്രീകളെ ഉപയോഗിച്ച് ചില രാഷ്ട്രീയക്കാര്‍ കോമാളി സമരം നടത്തുന്നു: ആനന്ദ്

495

ഇരിങ്ങാലക്കുട: എഴുത്തിലും രാഷ്ട്രീയത്തിലും തീക്ഷ്ണവും സ്ഥൈര്യവുമുള്ള നിലപാടുകളാണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്ന് പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് അഭിപ്രായപ്പെട്ടു. സംഗമസാഹിതിയുടെ ‘കഥാസംഗമം ‘ പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ക്ഷേത്രപ്രവേശനത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയും കേരളവും ഒരു പിന്‍നടത്തത്തിലാണോ എന്ന് ചിന്തിച്ചു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരം നൂറ്റാണ്ടുകള്‍ നീണ്ടതാണ്.സ്വാതന്ത്ര്യസമര കാലഘട്ടത്തിലും സ്ത്രീ എപ്പോഴും കേന്ദ്രമായിത്തന്നെ നില നിന്നിരുന്നു.ഈ ചരിത്രത്തെ നിഷേധിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ത്യയിലും കേരളത്തിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് ആനന്ദ് പറഞ്ഞു.ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള സമരം നടന്നതും പ്രായപൂര്‍ത്തി വോട്ടവകാശത്തിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നതും കൊച്ചിയിലാണ് .അതിനു ശേഷമാണ് ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്നു പറയുന്ന അമേരിക്കയിലും ബ്രിട്ടനിലും സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ലഭിച്ചത് .ഈ ചരിത്രത്തെ വിസ്മരിച്ചു കൊണ്ടാണ് സ്ത്രീകളെ ഉപയോഗിച്ച്  ചില രാഷ്ട്രീയക്കാരുടെ കോമാളി സമരങ്ങള്‍   ഇപ്പോള്‍ നടന്നു വരുന്നത് .ചരിത്രത്തിന്റെ ഈ ദശാസന്ധിയില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കാന്‍ എഴുത്തുക്കാരടക്കമുള്ള സമൂഹം മുന്നോട്ട് വരണമെന്ന് ആനന്ദ് പറഞ്ഞു

Advertisement