ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി  നിലനിര്‍ത്തിയാല്‍ മതിയായിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നാട്ടുകാരോടുള്ള അവഹേളനം :തോമസ് ഉണ്ണിയാടന്‍

998

ഇരിങ്ങാലക്കുട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തി ഇതിലേക്ക് ഫണ്ടും തസ്തികകളും അനുവദിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി തന്നെ നിലനിര്‍ത്തിയാല്‍ മതിയായിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഈ നാട്ടുകാരോടുള്ള അവഹേളനമാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുടയിലെയും സമീപ നിയോജക മണ്ഡലങ്ങളിലേയും ആയിരക്കണക്കിന് രോഗികളുടെ ആശ്വാസ കേന്ദ്രമായ ഈ ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയത്.ഇതോടൊപ്പം ജനറല്‍ ആശുപത്രിക്ക് ആവശ്യമായ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കുകയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കെട്ടിട നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് മദര്‍ ആന്റ് ചൈല്‍ഡ് വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മിച്ചത്.
26 മാസം പിന്നിട്ടിട്ടും പുതിയ എംഎല്‍എ ക്കോ സര്‍ക്കാരിനോ ഈ ജനറല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു രൂപ പോലും മാറ്റി വയ്ക്കുന്നതിന് സാധിച്ചിട്ടില്ല. അതിന്റെ ജാള്യത മറച്ചുവെക്കാനാണ് ജനറല്‍ ആശുപത്രി ഈ നാട്ടില്‍ ആവശ്യമില്ലായിരുന്നു എന്ന പ്രസ്താവന മന്ത്രി നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാതെ അതിനു തുരങ്കം വയ്ക്കുന്ന ഇത്തരത്തിലുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു.

 

Advertisement