ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഹൈടെക്കാകുന്നു ; ഗര്‍ഭണികള്‍ക്കിനി പാട്ടുകേള്‍ക്കാം,കൂട്ടിനാളുവേണ്ട, ബെല്ലടിച്ചാല്‍ മതി, നേഴ്‌സുമാര്‍ അരികിലെത്തും

5039

ഇരിങ്ങാലക്കുട: ഏറെ ആത്യാധുനിക സംവിധാനങ്ങള്‍ നിലവില്‍വന്നതോടെ ഗര്‍ഭണികള്‍ക്കിനി സഹായത്തിനായി ബന്ധുക്കള്‍ കൂട്ടിനിരിക്കേണ്ട ആവശ്യമേ ഇല്ല. കിടക്കയില്‍ കിടന്ന് ബെല്ലടിച്ചാല്‍ ഉടന്‍തന്നെ നേഴ്സുമാരെത്തും. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണു ഇത്തരത്തിലുള്ള ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വച്ച് ജില്ലയില്‍ ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം നിലവില്‍വരുന്നത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണ്. ഇലക്ട്രോണിക് നിയന്ത്രിത കിടക്കകളാണു ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി ഇവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്.
ഓരോരുത്തരുടെയും ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന രീതിയില്‍ ഇരുക്കുന്നതിനോ കിടക്കുന്നതിനോ ചാരികിടക്കുനതിനോ സാധിക്കും വിധം ക്രമീകരിച്ചിട്ടുള്ളതാണു ഇവിടത്തെ കിടക്കകള്‍. ശ്വാസംമുട്ടുള്ള രോഗികള്‍ക്കും സിസേറിയന്‍ കഴിഞ്ഞ ഗര്‍ഭണികള്‍ക്കും ഇത്തരം സംവിധാനം ഏറെ പ്രയോജനകരമാണ്. പത്തുലക്ഷം രൂപയോളം ചെലവഴിച്ച് കെഎല്‍എഫ് ലിമിറ്റഡ് കമ്പനിയാണു ആശുപത്രിയിലേക്കു ഇത്തരം കിടക്കകള്‍ സംഭാവന നല്‍കിയത്. നേഴ്സുമാരെ ബെല്ലടിച്ചു വരുത്തുന്നതിനു കിടക്കയോടു ചേര്‍ന്ന് ഭിത്തിയില്‍ പ്രത്യേകം ബട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ നേഴ്സിംഗ് റൂമില്‍ ബെല്‍ മുഴങ്ങും. ഏതു കിടക്കയില്‍ നിന്നാണ് ഇത്തരത്തിലുള്ള ബെല്‍ മുഴങ്ങുന്നതെന്നു നേഴ്സിനു കൃത്യമായി അറിയാന്‍ കഴിയും.
അതോടെ നേഴ്സിനു ആ രോഗിയുടെ സമീപത്തെത്താനും സാധിക്കും. മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തില്‍ 38 കിടക്കകളാണുള്ളത്. ഓക്സിജന്‍ സിലിണ്ടറും കിടക്കയോടു ചേര്‍ന്നുള്ള ഭിത്തിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഏതു രോഗിക്കാണോ ഓക്സിജന്‍ ആവശ്യമായി വരുന്നത് ആ സമയം കിടക്കയോടു ചേര്‍ന്നുള്ള സിലിണ്ടറിലെ നോബില്‍ ക്രമീകരിച്ചാല്‍ നിശ്ചിത അളവില്‍ ഓക്സിജന്‍ ലഭിക്കും. ആശുപത്രിയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണു ഇത്തരമൊരു സംവിധാനമുള്ളത്. ഇതിനുപുറമേ ഈ വാര്‍ഡില്‍ കഴിയുന്നവര്‍ക്കു ആസ്വദിക്കുവാനായി പാട്ടും മുഴങ്ങും. രാവിലെ എട്ടു മണിമുതല്‍ രാത്രി ഒമ്പതു മണിവരെയാണ് പാട്ട് മുഴങ്ങുന്നത്. സിനിമ ഗാനങ്ങളോ, ആല്‍ബം പാട്ടുകളോ കേട്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യമാണു സജ്ജമാക്കിയിട്ടുള്ളത്. ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ചെറുതായാലും വലുതായാലും ഓപറേഷന്‍ എന്നു കേള്‍ക്കുമ്പോഴേക്കും പലരുടെയും ബോധം പോകും. കത്തിയും കത്രികയും തുന്നിക്കെട്ടലുമൊക്കെയായി ശരീരം സഹിക്കേണ്ടിവരുന്ന വേദനയെ പേടിച്ചാണ് ഈ ബോധക്കേട്. എന്നാല്‍ അത്തരക്കാര്‍ക്ക് ഈ മ്യൂസിക് തെറാപ്പി ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. ശസ്ത്രക്രിയക്കു മുമ്പും ശേഷവും പാട്ടുകേള്‍ക്കാമെങ്കില്‍ രോഗി കാര്യമായി വേദന അറിയില്ലത്രേ. ശസ്ത്രക്രിയക്കുശേഷം പല രോഗികളും അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഒഴിവാക്കാനും പാട്ടുകേള്‍ക്കല്‍ ഉപകാരപ്പെടും. രോഗികള്‍ക്കു പോസറ്റ് ഓപറേറ്റീവ് മെഡിറ്റേഷനു പകരം വിദേശരാജ്യങ്ങളില്‍ അവരെ പാട്ടുകള്‍ കേള്‍ക്കാന്‍ അനുവദിക്കുകയാണത്രേ പതിവ്. ഇവിടെ സിസേറിയന്‍ നടത്തുന്ന സ്ത്രീകളില്‍ ഈ മ്യൂസിക് തെറാപ്പി ഏറെ സഹായകരമാകുന്നുണ്ടെന്നാണു ഏവരുടെയും വിലയിരുത്തല്‍. ഈ കെട്ടിടത്തില്‍ സിസിടിവി സംവിധാനവും ഏര്‍പ്പെടുത്തീട്ടുണ്ട്.

 

Advertisement