ചരിത്രങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇരിങ്ങാലക്കുട ചരിത്ര ചിത്രപ്രദര്‍ശനം

587

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാന്വല്‍ പ്രകാശനത്തിന്റെ മുന്നോടിയായി ഒരുക്കിയ ഇരിങ്ങാലക്കുടയുടെ ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ടൗണ്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ മാന്വലില്‍ ഉള്‍പെടുത്തുവാനായി ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 150 ഓളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1938 ല്‍ പണിതീര്‍ത്ത കരാഞ്ചിറ ഇരുമ്പ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യം, 1957 ല്‍ ഇരിങ്ങാലക്കുടയില്‍ എത്തിയ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനും മകള്‍ ഇന്ധിരാഗാന്ധിക്കും ഇരിങ്ങാലക്കുട നഗരസഭ നല്‍കിയ സ്വീകരണ ചിത്രം, 1980 ല്‍ പ്രവര്‍ത്തനം നിലച്ച ഇരിങ്ങാലക്കുടയിലെ സിനിമ പ്രേമികളുടെ മനസ്സില്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്ന കോന്നി തീയറ്റര്‍, കൊച്ചിയെയും തിരുവിതാംകൂറിനേയും വേര്‍തിരിക്കുന്ന വേളൂക്കരയിലെ കൊതിക്കല്ല്, രാജസിംഹ പെരമാളടികളുടെ 11-ാം നൂറ്റാണ്ടിലെ താഴേക്കാട് ശാസനം, ഐ.എന്‍.എ.യുടെ ഝാന്‍സി റാണി റെജിമെന്റിനെ ക്യാപ്റ്റന്‍ ലക്ഷ്മി നയിക്കുന്നതടക്കം ഇരിങ്ങാലക്കുടയിലെ ആദ്യകാല ഫോട്ടോഗ്രാഫറായ ജോസഫ് ഊക്കനെടുത്ത അപൂര്‍വ ചിത്രങ്ങള്‍, ദശകങ്ങള്‍ക്കു മുന്‍പ് മണ്‍പാത്ര നിര്‍മാണത്തിനായി കുംബാര സമൂഹം കളിമണ്ണെടുത്തിരുന്ന മുരിയാടിലെ ചാലിക്കുളം തുടങ്ങി ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ചരിത്രങ്ങളിലേക്ക് എത്തിനോക്കാന്‍ സഹായിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രപ്രദര്‍ശനം സിനിമാ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിശാഗന്ധി മാന്വല്‍സ് ചെയര്‍മാന്‍ എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളെ ആദരിച്ചു. എഡിറ്റര്‍ ജോജി ചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം മുന്‍ രജിസ്റ്റര്‍ എന്‍.ആര്‍. ഗ്രാമപ്രകാശ്, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം ടി.വി .ജോണ്‍സന്‍, മാന്വല്‍ ചീഫ് എഡിറ്റര്‍ ഡോ. പി ഹരിശങ്കര്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, സി.പി.എം. ഏരിയ കമ്മിറ്റി അംഗം രാജു എന്നിവര്‍ സംസാരിച്ചു. കൃഷ്ണനുണ്ണി ജോജി സ്വാഗതവും പി എസ് ജിത്ത് നന്ദിയും പറഞ്ഞു. മാന്വേല്‍ പ്രകാശനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.ഇ.എന്‍. കുഞ്ഞുമുഹമ്മദ് ഇന്നസെന്റ് എം.പിക്ക് നല്‍കി മാന്വല്‍ പ്രകാശനം ചെയ്യും.

Advertisement