ഉത്സവാണ്ടിന്റെ അവസാന ഉത്സവം ഇരിങ്ങാലക്കുടക്കു സ്വന്തം

1001

മലര്‍നേദ്യം കഴിഞ്ഞു വാസനപ്പൂക്കളില്ലാതെ സര്‍വ്വാംഗഭൂഷിതനായി ശ്രീകൂടല്‍മാണിക്യന്‍.വില്വമംഗലം സ്വാമിയാരുടെ ചൈതന്യം ആവാഹിച്ച ശംഖിനെയുടച്ചു ഇനിയൊരിടത്തേക്കായി ആവാഹനം വേണ്ടെന്നു കല്പിച്ച സംഗമേശന്‍.ദാനം,ദയ,ദമം(സഹനം)എന്നിവയേക്കാള്‍ ഉപരിയായ ആരാധനയോ,ദീപാരാധനയോ ഇല്ലെന്നു ഉറപ്പു വരുത്തുകയും,ദാനദയദമാദികളാല്‍ സമീക്ഷകാരിയായി വര്‍ത്തിക്കുന്ന നന്ദീഗ്രാമതപസ്വീ.ഇരിങ്ങാലക്കുടയില്‍നിന്നു തുടങ്ങി രാപ്പാള്‍ പ്രദേശവും,ചാലക്കുടി കൂടപ്പുഴ വരെ നീണ്ടുകിടക്കുന്ന ക്ഷേത്രപഥത്തിന്റെ അധികാരി.ഉള്ളറിഞ്ഞ്,കനിവോടെ സേവനത്തിനായി ക്ഷേത്രപഥത്തെ സമര്‍പ്പിച്ച് ത്യാഗത്താല്‍ ഭുജിക്കുന്ന ഔപനിഷധന്‍(ഉപനിഷത്ത് സംസ്‌ക്കാരത്തോടെ ജീവിക്കുന്നവന്‍).ഇരിങ്ങാലക്കുടക്കും,അനുബന്ധ ഗ്രാമങ്ങള്‍ക്കും 6 ഋതുക്കളായിതീര്‍ന്ന ഇരിങ്ങാലക്കുട തേവര്‍.മേടമാസത്തില്‍- ഗ്രീഷ്മഋതുവില്‍ സൂര്യന്‍ ആദാനകാലയുക്തനായി നിന്നുകൊണ്ട് ആരോഗ്യത്തിനു ലംഘനം വരുത്തുന്ന സമയത്തു ക്ഷേത്രപഥങ്ങളുടെ ശിഖയായ കൊടിക്കൂറ ക്ഷേത്രത്തിന്റെ സുഷുമ്‌നാ കശേരുകയിലൂടെ(ക്ഷേത്ര കൊടിമരം)(നട്ടെല്ല്) ഉയര്‍ത്തി ഐശ്വര്യത്തിന്റേയും,സന്തോഷത്തിന്റേയും തലത്തിലെത്തിക്കുമ്പോള്‍ ഉത്സവത്തിനു കൊടിയേറ്റമായി.മനുഷ്യന്‍ സൌകര്യങ്ങളുടെ തലത്തില്‍നിന്നും സന്തോഷത്തിലേക്കു ആചാരാനുഷ്ടാനങ്ങളുടെ സഹായത്താല്‍ സംക്രമിപ്പിക്കുന്ന സമയക്രമത്തെ ഉത്സവമെന്നു പറയുന്നു.കായ(ശരീരം),വാക്ക്,മനസ്സുകളുടെ കൊടിയേറ്റം.കൂടല്‍മാണിക്യന്റെ ഉത്സവം അപ്രകാരം ജനത്തെ സൌകര്യത്തില്‍നിന്നും സന്തോഷത്തിലെത്തിക്കുവാന്‍ വര്‍ഷത്തിലൊരിക്കള്‍ പുറപ്പെടുന്നു.ഒരാണ്ട്‌നിറഞ്ഞുനില്‍ക്കുന്ന ആനന്ദം ജനത്തിനു.
കൊടികയറി കൊടിപ്പുറത്തുവിളക്കുകഴിഞ്ഞാല്‍ ഉത്സവാഘോഷം ഗ്രാമത്തിനു സ്വന്തമാകുന്നു.പടഹാദി ആഘോഷങ്ങളോടെ ഭഗവാന്‍ മാതൃക്കല്‍ എഴുന്നള്ളുന്നതു അസുലഭമായ അവസരമാണ്. 6 ഋതുക്കള്‍ക്കൂടിവരുന്ന ഒരാണ്ടില്‍ 10 ദിവസം സംഗമേശ്വരന്‍ ഹനൂമല്‍ സാന്നിദ്ധ്യത്തിനടുത്തായി സ്ഥാനമുറപ്പിക്കുന്നു.ഒരുജനതയുടെ ആഗ്രഹാഭിലാഷങ്ങളെ കണ്ടറിയാന്‍,അവരോടു സംവേദിക്കുവാന്‍, മാതൃക്കല്‍ സാന്നിദ്ധ്യത്തില്‍ നമസ്‌ക്കരിച്ചെഴുന്നേല്‍ക്കുന്നവര്‍ ദര്‍ശനാനുഗ്രഹം നന്മകളോടെ സ്വീകരിക്കുന്നു.
ശ്രീഭൂത ബലിക്കു ശേഷം പകല്‍ശീവേലി.ഇടന്തടയും വലന്തടയും ചെണ്ടക്കോലും,കൈത്തലവുമായി ചെണ്ടയില്‍ സമ്മേളിക്കുമ്പോഴാണു ആസ്വാദ്യമായ പഞ്ചാരിമേളമുണ്ടാകുന്നതു.ത്രിശ്ശൂര്‍,ത്രിപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്‍ എന്നീ സ്ഥലങ്ങളിലെ പ്രസിദ്ധമായ പഞ്ചാരിമേളം കൂടല്‍മാണിക്യന്റെ തിരു ഉത്സവത്തിലെ ചിട്ടപ്രകാരമുള്ള പഞ്ചാരിക്കൊപ്പമാണോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല.ശ്രവണ മധുരമായ പഞ്ചാരി ശാന്തമായ അന്തരീക്ഷത്തില്‍ കാലപ്രമാണങ്ങളോടെക്കൊട്ടിക്കയറുമ്പോള്‍ ശബ്ദത്തിന്റെ സാമസുഗന്ധം അനുവാചകര്‍ക്കു സ്വന്തമാകുന്നു.

ശീവേലിക്കുശേഷം നടപ്പുരയില്‍ വന്നുചേരുന്ന ശീതങ്കന്‍തുള്ളല്‍ അമ്മൂമ്മമാര്‍ക്കും,മുത്തച്ഛന്മാര്‍ക്കും,പേരക്കുട്ടികളിലേക്കും കൌതുകത്തെ സന്നിവേശിപ്പിക്കുന്ന സമയമാണ്.ഗ്രീഷ്മത്തിലെ ചൂടില്‍ നിറഞ്ഞാസ്വദിച്ച മേളത്തിനു ശേഷം മയക്കത്താല്‍ കണ്‍ പീലികളടഞ്ഞുപോകുമ്പോള്‍ തുള്ളല്‍ക്കാരന്‍ ചൂണ്ടിപ്പറഞ്ഞു എഴുന്നേല്‍പ്പിക്കും,എന്നാലും കിഴക്കെ നടപ്പുരയിലെ ഇളംക്കാറ്റേറ്റു ശീതങ്കന്‍ത്തുള്ളലിനിടയില്‍ മയങ്ങുന്നതു ഭാഗ്യാനുഭവമായിക്കരുതണം

സന്ധ്യക്കു കിഴക്കെനടപ്പുരക്കടുത്തായി കൊമ്പ്പറ്റ്,കുഴല്‍പ്പറ്റ്,മദ്ദളപ്പറ്റ്,കേളി എന്നിവ പരമ്പരാഗത ശൈലിയില്‍ ആചരിക്കുമ്പോള്‍ ഗ്രാമ്യ സംസ്‌ക്കാരത്തിന്റെ ചാരുതക്കൊപ്പം അനുഷ്ടാനങ്ങളുടെ നിഷ്ടയും വ്യക്തമാകുന്നു.

രാത്രിവിളക്കില്‍ തീപന്തങ്ങളുടെ ശോഭയില്‍ തിളങ്ങുന്ന നെറ്റിപ്പട്ടവും,താമര അലുക്കുകള്‍തീര്‍ത്ത തിടമ്പും വഹിച്ചു നില്‍ല്കുന്ന ഗജവീരന്മാരുടെ കാഴ്ച്ച ഉത്സവത്തിനു മാത്രം ലഭ്യമായ കഴ്ച്ചയാണ്.നിരയില്‍ നിന്നും വക്രാകൃതിയിലേക്കു മാറി വരുമ്പോള്‍ നിലാവില്‍ തുടിച്ചുനില്‍ക്കുന്ന ചന്ദ്രബിംബം ഇറങ്ങിവന്നു രാത്രിവിളക്കുക്കണ്ടു ഊട്ടുപുരക്കടുത്ത് ചമയങ്ങള്‍ ഒരുക്കുന്നിടത്ത് കഥകളിക്കുള്ള ചേങ്ങിലയായി ചേക്കേറുന്നു.

തീപന്തങ്ങളുടെ എണ്ണമണം ഇല്ലാതാകുംമുന്‍പ് കേളിയും,പുറപ്പാടും തുടങ്ങിക്കാണും.വെള്ളകീറുന്നതുവരെ കല്ലുവഴിച്ചിട്ടയിലും തെക്കന്‍ ചിട്ടയിലും ശീലിച്ച കഥകളി ആചാര്യന്മാരുടെ നിറസാന്നിദ്ധ്യത്തില്‍ ആടിത്തിമിര്‍ക്കുന്നു.

നളചരിതത്തിലെ വരികള്‍ ചൊല്ലുന്നതിനിടയില്‍ മയങ്ങിപ്പോയ ഉണ്ണായി വാര്യരെ വിളിച്ചുണര്‍ത്തി നിര്‍മ്മാല്യത്തിനായി സംഗമേശന്‍ കൊണ്ടുപോകുന്നു.കുളിച്ചു ഈറനോടെ തൊഴുതു മടങ്ങുമ്പോള്‍ നളചരിതം നാലാം ദിവസത്തിലെ പദങ്ങള്‍ പ്രദക്ഷിണക്കല്ലില്‍ വീണുടയുന്നു.

കണ്ണുകാണാത്ത നമ്പൂതിരി പാഠകത്തിലൂടെ കളിയാക്കുന്നതും സംഗമേശ്വരന്റെ ചടുലമായ വാക്കുകളിലൂടെയാണ്.കുറത്തിയും കുറവനും ആടിക്കളിക്കുമ്പോള്‍ ഭഗവാന്‍ അതിലൂടെയും ഒന്നു മറഞ്ഞു നീണുന്നു.

ഇപ്രകാരം വലിയവിളക്കും,പള്ളീവേട്ടശീവേലിയും വലിയാലിന്‍ച്ചുവട്ടില്‍ പള്ളിവേട്ടയും കഴിഞ്ഞു തന്റെ ക്ഷേത്ര പഥത്തിലൂടെ സഞ്ചരിച്ചു ആറാട്ടുകഴിഞ്ഞു മടങ്ങിവരുമ്പോള്‍ അടുത്ത ആണ്ടിലെ ഉത്സവത്തിനായുള്ള കാത്തിരിപ്പാരംഭിക്കുകയായി.വിടപറഞ്ഞു ജനം വീണ്ടും തിരക്കിലേക്കിറങ്ങുന്നു.ഭഗവാനു കാവലായി ഇനി ഭീമാകാരനായ ഗന്ധര്‍വ്വന്‍ പാര്‍ക്കുന്ന വലിയാലും,ശാന്തവും ഗംഭീരവുമായ പ്രദക്ഷിണ വഴിയും,ഗംഗ അന്തര്‍വാഹിനിയായി വന്നുചേരുന്ന കുലീപിനി തീര്‍ഥവും,മീനൂട്ടു നേടി ഉന്മേഷം വീണ്ടെടുത്ത ദേവാംഗങ്ങളായ മീനുകളും,കഥകളിപ്പദങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്ന ദീര്‍ഘമായ തീര്‍ത്ഥക്കുളത്തിലെ പ്രദക്ഷിണവഴിയും,അംഗുലീയാംഗം കൂത്തിനായി കാത്തിരിക്കുന്നകൂത്തമ്പലവും,നെയ്യ്മണം മാറാത്ത കല്‍ വിളക്കുക്കളും നന്ദീഗ്രാമം പാദുകാപൂജിതമായ ഇരിങ്ങാലക്കുടയിലെ ശ്രൌത(ശാശ്വതമായ) ശാസ്ത്രം സംഗമേശനില്‍ ഭദ്രമായിരിക്കുന്നു. എന്നും എപ്പോഴും.

 

എഴുത്ത് : ഡോ.നാട്ടുവള്ളി ജയചന്ദ്രന്‍

Advertisement