കൂടല്‍മാണിക്യം തിരുവുത്സവ അലങ്കാരപന്തല്‍ വിവാദങ്ങള്‍ തീരുന്നു : നിര്‍മ്മാണം ചെവ്വാഴ്ച്ച പുനരാരംഭിക്കും

1361

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി കുട്ടംകുളത്തിന്റെ സമീപത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അലങ്കാരപ്പന്തലിന്റെ നിര്‍മ്മാണത്തിലെ തടസ്സം നീങ്ങി.തിങ്കളാഴ്ച്ച രാവിലെ കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി ദേവസ്വം നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തടസ്സം നീങ്ങിയത്. 11 കെ.വി. വൈദ്യുതിലൈനിന്റെ തൊട്ടടുത്ത് അലങ്കാരപ്പന്തല്‍ നിര്‍മിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് കെ.എസ്.ഇ.ബി. നിര്‍ദ്ദേശപ്രകാരം ദേവസ്വം പന്തലിന്റെ നിര്‍മാണം നിര്‍ത്തിവെപ്പിച്ചത്.ബഹുനിലപ്പന്തല്‍ നിര്‍മിക്കുമ്പോള്‍ 11 കെ.വി. ലൈനില്‍നിന്നു മാറ്റിവേണം തൂണുകള്‍ സ്ഥാപിക്കാന്‍. എന്നാല്‍ ലൈനിന്റെ വളരെ സമീപത്തുകൂടെയാണ് പന്തല്‍ നിര്‍മാണം നടത്തിയിരുന്നത്.മാധ്യമ വാര്‍ത്തകളിലൂടെ വിഷയം ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി ദേവസ്വം ചര്‍ച്ച നടത്തി പന്തലിന് സമീപത്തുള്ള 11 കെ വി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായി.ഇതിനുള്ള തുക സ്‌പോണസര്‍മാര്‍ വഹിക്കണം.വരും വര്‍ഷങ്ങളിലും യഥാസ്ഥാനത്ത് പന്തല്‍ നിര്‍മ്മാണം നടത്തേണ്ടതിനാലാണ് വൈദ്യൂതി ലൈന്‍ മാറ്റി സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്.മുന്‍ വര്‍ഷങ്ങളില്‍ ഇവിടം വിരിപന്തല്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷം ഐ സി എല്‍ ഫിന്‍കോര്‍പിന്റെ സ്‌പോണ്‍സര്‍ഷിപ്പോട് കൂടി ആറു നിലകളിലായി ബഹുനില അലങ്കാരപന്തലാണ് ഉത്സവത്തിനായി ഉയരുന്നത്.ചെവ്വാഴ്ച്ച രാവിലെ തന്നേ പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അറിയിച്ചു.

 

Advertisement