ലോട്ടറികളും പണവും മോഷ്ടിച്ചുവെന്ന് കരുതുന്ന പ്രതിയുടെ ചിത്രം ഇരിങ്ങാലക്കുട പോലീസ് പുറത്തുവിട്ടു

958
 ഇരിങ്ങാലക്കുട: ലോട്ടറിക്കട പൊളിച്ച് അകത്തുകയറി വിഷു ബംബര്‍ ലോട്ടറികളും പണവും മോഷ്ടിച്ചുവെന്ന് കരുതുന്ന പ്രതിയുടെ ചിത്രം ഇരിങ്ങാലക്കുട പോലീസ് പുറത്തുവിട്ടു. ലോട്ടറികള്‍ വില്‍പ്പന നടത്തിയ കൊടുങ്ങല്ലൂരിലെ കടകള്‍ക്ക് മുന്നിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. 26ന് ചന്തക്കുന്നിലുള്ള ലോട്ടറിക്കടയുടെ മുകളിലത്തെ തട്ടുപൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയിരിക്കുന്നത്.8400 രൂപ വിലവരുന്ന 150 രൂപയുടെ 56 വിഷു ബംബര്‍ ലോട്ടറികളും നാനൂറ് രൂപയുമാണ് അപഹരിച്ചത്. മോഷ്ടിച്ചശേഷം ഇയാള്‍ കൊടുങ്ങല്ലൂരില്‍ ഒരാള്‍ക്ക് 12 ലോട്ടറി വിറ്റു.
സംശയം തോന്നിയ ഇയാള്‍ ടിക്കറ്റിന്റെ ബാക്കിലെ സീലിലെ നമ്പര്‍ നോക്കി ലോട്ടറി കടക്കാരനുമായി ബന്ധപ്പെടുകയായിരുന്നു. നമ്പറും സീരിസുമെല്ലാം പറഞ്ഞപ്പോള്‍ മോഷണം പോയ ലോട്ടറികളാണെന്ന് വ്യക്തമായി. കടയുടമ പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് എസ്.ഐ. സുശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കൊടുങ്ങല്ലൂരിലെത്തി ലോട്ടറികള്‍ കണ്ടെടുത്തു. പിന്നിട് സമീപത്തെ കടകളിലെ സി.സി. ടി.വി. ക്യാമറകളില്‍ നിന്നും ഇയാളുടെ ചിത്രവും പോലീസ് ശേഖരിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലോ, 04802825228, 9497980533 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണെന്ന് പോലിസ് അറിയിച്ചു.

Advertisement