ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിന്റെ സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി കൂടല്‍മാണിക്യക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നു.

545

ഇരിങ്ങാലക്കുട : നങ്ങ്യാര്‍കൂത്ത് കലാരൂപം പാരമ്പര്യമായി നടന്നു വരുന്ന ക്ഷേത്രസങ്കേതങ്ങളില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിന്റെ സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി പ്രശസ്തകലാകാരി കപില വേണു മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ കൂടല്‍മാണിക്യക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു . തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശീയ സന്നിധിയിലാണ് ഈ സംരംഭം തുടക്കം കുറിച്ചത്. ശകടാസുരവധം, തൃണാവര്‍ത്തവധം, നാമകരണം, ബാലലീല, ഉലൂഖലബന്ധനം എന്നീ കഥാസന്ദര്‍ഭങ്ങളാണ് മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്നത്.ഓരോ ദിവസവും നങ്ങ്യാര്‍കൂത്തിന് മുന്നോടിയായി പ്രശസ്തരായ കലാപണ്ഡിതര്‍ പ്രഭാഷണം നടത്തുന്നു . ഒന്നാം ദിവസം ശ്രീചിത്രന്‍ എം. ജെ. ‘കൃഷ്ണസങ്കല്പം കേരളീയ കലകളി’ എന്ന വിഷയത്തെക്കുറിച്ചും രണ്ടാം ദിവസം വിഖ്യാത കലാകാരി ഉഷ നങ്ങ്യാര്‍ ‘നങ്ങ്യാരമ്മകൂത്ത് – ഐതിഹ്യം, ചരിത്രം, പുനരുദ്ധാരണം, വളര്‍ച്ച’ എന്നീ വിഷയങ്ങളെക്കുറിച്ചും മൂന്നാം ദിവസം ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ നൃത്യനാട്യ പുരസ്‌കാര ജേതാവ് നിര്‍മ്മല പണിക്കര്‍ ‘കേരളത്തിലെ സ്ത്രീ നൃത്യ-നാട്യ പാരമ്പര്യങ്ങള്‍’ എന്ന – വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നു. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ സഹകരണത്തോടുകൂടി ക്ഷേത്രം ഊട്ടുപുരയില്‍ വെച്ചാണ് ഈ പരിപാടികള്‍ നടത്തുന്നത്. കലാമണ്ഡലം രാജീവ്, നാരായണന്‍ നമ്പ്യാര്‍, ഹരിഹരന്‍, ഉണ്ണികൃഷ്ണന്‍, സരിത കൃഷ്ണകുമാര്‍ എന്നിവര്‍ പശ്ചാത്തലമേളം നല്‍കുന്നു.

 

Advertisement