പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍

1232

ഇരിങ്ങാലക്കുട: പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍. കണ്‍മുന്നിലെത്തുന്ന അന്നത്തിന്റെ ഉല്‍പാദനത്തെക്കുറിച്ച് ക്ലാസ് മുറിയിലെ പാഠങ്ങളുടെ പൊരുള്‍ തേടി നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വയലിലിറങ്ങിയത്. 18 വര്‍ഷമായി തരിശായി കിടന്നിരുന്ന ഒരു ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കിയാണ് ഈ പെണ്‍പട തങ്ങളുടെ കൃഷി സ്നേഹം പ്രകടിപ്പിക്കുന്നത്. ഇവരുടെ കലാലയ ജീവിതം എന്നുപറയുന്നത് ക്ലാസ് മുറികളുടെ നാല് ചുവരുകള്‍ക്കകത്തെ പുസ്തകത്താളുകളില്‍ അതിരിടുന്നതല്ല. കൃഷിരീതി വിദ്യാര്‍ഥികള്‍ക്ക് സ്വായത്തമാക്കുക, യുവതലമുറയില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുക, കര്‍ഷകരോട് ആദരവുള്ള മനോഭാവം രൂപപ്പെടുത്തുക, ഭക്ഷണം നശിപ്പിക്കലും ധൂര്‍ത്തും ഉപേക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വ്യക്തമായ അഞ്ച് ഘട്ടങ്ങളിലൂടെ 80 അംഗസംഘമാണ് നെല്‍കൃഷി ചെയ്യുന്നത്. ഞാറ് നടല്‍, കളപറിക്കല്‍, കൊയ്ത്ത് എന്നിങ്ങനെ ഘട്ടങ്ങള്‍ തിരിച്ച് ആസൂത്രണം ചെയ്താണ് തുടക്കം. ഒഴിവു സമയങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയും പരമ്പരാഗത കൃഷ് രീതികള്‍ സ്വീകരിച്ചും മികച്ച ഒരു കാര്‍ഷിക വിപ്ലവമാണ് അവര്‍ സ്വായത്തമാക്കുന്നത്. 120 ദിവസം കൊണ്ട് കൊയ്തിന് തയാറാക്കുന്ന ‘ഉമ’ നെല്ലിനം ഉപയോഗപ്പെടുത്തിയാണ് കൃഷി. ചേറിലും ചെളിയിലും പകലന്തിയോളം പാടത്ത് പണിത് അന്നദാതാക്കളായിത്തീരുന്ന കര്‍ഷകരോട് ബഹുമാനം തോന്നുന്നതായി വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. ആദ്യമായാണ് പലരും വയലിലിറങ്ങുന്നത്. ഉല്‍പാദനത്തിന് ഇത്രത്തോളം പ്രയത്നമുള്ളതിനാല്‍ അരിക്ക് വില കൂട്ടിയാലേ ഈ രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ വരൂ എന്നും നിലവില്‍ കൃഷി ചെയ്യുന്നവര്‍ അത് തുടരുകയുള്ളുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കാര്‍ഷിക സേവന കേന്ദ്രമാണ് കൃഷിക്കായി നിലം ഒരുക്കി നല്‍കിയത്. തങ്ങള്‍ വിതച്ചത് നൂറുമേനി കൊയ്യുമെന്ന പ്രതീക്ഷയിലാണ് ഈ വിദ്യാര്‍ഥികള്‍. ഇന്ന് നെല്‍പാട വരമ്പത്ത് വേനല്‍കാല പച്ചക്കറി കൃഷി ആരംഭിക്കും. കുമ്പളങ്ങ, കൊത്തു വെള്ളരി എന്നിവയാണ് ഇന്ന് നടുന്നത്. അന്നറോസ്, നയന ഫ്രാന്‍സിസ്, ടി.ടി. ഫിഷ്ന, മരിയ പാസ്‌കല്‍, രാജശ്രീ ശശീധരന്‍ എന്നീ വിദ്യാര്‍ഥികളാണ് നേതൃത്വം നല്‍കുന്നത്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ശുശീലയുടെ പിന്തുണയും ഇതിനുണ്ട്.

Advertisement