ഇരിങ്ങാലക്കുടയില്‍ വ്യാഴാഴ്ച്ച മുതല്‍ അറവ്മാംസ വില്‍പ്പനയില്ല

2830

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാംസവ്യാപരത്തിന് വ്യാഴാഴ്ച്ചയോടെ പൂട്ട് വീഴും.അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ നടക്കുന്ന അനധികൃത മാംസ വില്‍പ്പന നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വന്ന ഉത്തരവു പ്രകാരമാണ് മാംസ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടുന്നത്.അംഗീകാരമുള്ള അറവുശാലകളില്‍ അറവ് നടത്തി കൊണ്ടു വരുന്ന മാംസങ്ങള്‍ മാത്രമെ ഇനി നഗരസഭാ അതിര്‍ത്തിയില്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ മാംസവ്യാപാരികള്‍ക്ക് അനധികൃത മാംസവില്‍പ്പന നിര്‍ത്താന്‍ അധികൃതര്‍ അറിയിപ്പ് നല്‍കി.ഇരിങ്ങാലക്കുടയില്‍ അറവ്ശാല പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ മാംസവില്‍പ്പന പുനരാംഭിക്കണമെങ്കില്‍ വ്യാപാരികള്‍ ചാലക്കുടി,തൃശൂര്‍ തുടങ്ങിയ മറ്റ് അംഗീകൃത അറവ്ശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ലൈസന്‍സോട് കൂടി അറവ് നടത്തിയ മാംസം എത്തിച്ച് വില്‍പന നടത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.ഇതിനായി ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ വ്യാപാരികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതനുസരിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മുന്‍സിപ്പല്‍ അധികൃതര്‍ കത്ത് നല്‍കുമെന്ന് അറിയിച്ചു.അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്റെ ടെക്നിക്കല്‍ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും 6 മാസത്തിനകം ഇരിങ്ങാലക്കുടയിലെ അറവ്ശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു.മാലിന്യപ്രശ്നത്തിന്റെ പേരില്‍ സമീപവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2012 ലാണ് ഇരിങ്ങാലക്കുട അറവ്ശാല അടച്ച് പൂട്ടിയത്.കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് അറവുശാലയില്‍നിന്നുള്ള മാലിന്യം സമീപത്തെ പറമ്പുകളിലേയ്ക്ക് ഒഴുകിയതിനെത്തുടര്‍ന്നാണ് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.നൂറ് വര്‍ഷത്തോളം പഴക്കമുള്ള അറവ്ശാല കാലകാലങ്ങളില്‍ യഥാവിധം നവീകരണം നടത്താതിനാലാണ് അടച്ചിടേണ്ട അവസ്ഥ വന്നത്.അറവുശാലയിലെ ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുക, സെപ്ടിക് ടാങ്ക് നിര്‍മ്മിക്കുക, മലിനജലം സിഡ് ഇന്‍ഫക്ഷന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുക എന്നീ നിര്‍ദ്ദേശങ്ങളായിരുന്നു മലിനീകരണനിയന്ത്രണബോര്‍ഡ് അറവുശാല തുറക്കുന്നതിനായി നല്‍കിയിരുന്നത്.

 

Advertisement