ഇരിങ്ങാലക്കുട : പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയനുകളും തൊഴിലുടമകളും ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.ഇരിങ്ങാലക്കുടയില്‍ പ്രതിഷേധപ്രകടനം നടന്നു.നിരത്തിലിറങ്ങിയ ചുരുക്കം ചില വാഹനങ്ങളെ പ്രതിഷേധക്കാര്‍ തടഞ്ഞ് മടക്കി അയച്ചു.മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സി ഐ ടി യു)ഏരിയ സെക്രട്ടറി കെ അജയകുമാര്‍,ഏരിയ പ്രസിഡന്റ് വി എ മനോജ് കുമാര്‍,ജോ.സെക്രട്ടറി അനില്‍കുമാര്‍,ബസ് സ്റ്റാന്റ് യൂണിയന്‍ സെക്രട്ടറി സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുക, വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാരോട് സമരത്തില്‍ നിന്നു പിന്‍മാറണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ പിന്‍മാറാന്‍ തയാറായില്ല.അതിനിടെ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രപെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട് വരുന്ന കേന്ദ്രബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനപണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.
Advertisement