ഉദ്യോഗസ്ഥ ക്രമക്കേട് : ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം,യോഗം പിരിച്ച് വിട്ടു

792

ഇരിങ്ങാലക്കുട: നഗരസഭയില്‍ കെട്ടിട പെര്‍മിറ്റിനായി 56 തവണ യായി മാടായികോണം സ്വദേശി ജോര്‍ജ്ജ് എന്ന വ്യക്തിയെ കയറ്റി ഇറക്കിയിട്ടും പെര്‍മിറ്റ് നല്‍കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹളമയമാക്കി.നഗരത്തിലെ വന്‍കിട മുതലാളിമാര്‍ക്ക് വളരെ വേഗത്തില്‍ പെര്‍മിറ്റുകള്‍ നല്‍കുന്ന നഗരസഭ ഉദ്യേഗസ്ഥര്‍ 177 സ്‌ക്വര്‍ മീറ്റര്‍ മാത്രം വിസ്തൃതിയുള്ള കട മുറിയുടെ പെര്‍മിറ്റിനായി ഇദ്ദേഹത്തേ ഓഫീസില്‍ കയറ്റിയിറക്കുന്നത് അഴിമതിയാണെന്ന് കൗണ്‍സിലര്‍ സി.സി ഷിബിന്‍ യോഗത്തില്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബഹളം ആരംഭിച്ചത്. 6 മാസ കാലം എല്ലാവിധ രേഖകളുമായി നഗരസഭ ഓഫീസില്‍ കയറി മുകള്‍തട്ടിലുള്ള സെക്രട്ടറിയടക്കം പെര്‍മിറ്റ് നല്‍കാവുന്നതാണ് എന്ന് റിപോര്‍ട്ട് നല്‍കിയിട്ടും താഴെ തട്ടിലുള്ള ഓവര്‍സീയര്‍മാരാണ് അഴിമതിയ്ക്കായി കാലതാമസം വരുത്തുന്നതെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ പറഞ്ഞു. 2017 ജൂലൈ നല്‍കിയ അപേക്ഷയില്‍ ഇപ്പോഴും തീരുമാനമെടുക്കാതെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മുപ്പതു കൊല്ലം മുന്‍പ് പണി വീട് അളന്ന് അതിക്യത നിര്‍മാണം നടത്തിയതായി ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്ന് സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട സി. സി. ഷിബിന്‍ പെര്‍മിറ്റ് വിഷയത്തില്‍ തീരുമാനമെടുത്ത ശേഷം കൗണ്‍സില്‍ യോഗം ആരംഭിക്കാനാകൂവെന്ന നിലപാടെടുത്തു. എന്നാല്‍ വിഷയത്തിന്റെ പ്രധാന്യം ഉള്‍കൊണ്ട് യോഗത്തിനു ശേഷം ഉച്ചക്ക് ഫയല്‍ വരുത്തി താന്‍ നടപടി സ്വീകരിക്കാമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. എന്നാല്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ വഴങ്ങിയില്ല. ചെയര്‍പേഴ്‌സണെ പിന്‍തുണച്ച് രംഗത്തെത്തിയ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു എന്നിവര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ രേഖാ മൂലം പരാതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു. ഇതോടെ എല്‍. ഡി. എഫ്. അംഗങ്ങളും യു. ഡി. എഫ്. അംഗങ്ങളും തമ്മില്‍ വാഗ്വാദം ആരംഭിച്ചു. കൗണ്‍സില്‍ യോഗത്തിനു ശേഷം ഉച്ചക്ക് തീരുമാനമെടുക്കാമെന്ന നിലപാട് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആവര്‍ത്തിച്ചതോടെ എല്‍. ഡി. എഫ്. അംഗങ്ങള്‍ പി. വി. ശിവകുമാറിന്റെ നേത്യത്വത്തില്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ നിലയുറപ്പിച്ചു. എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദം ഏറെ നേരം നീണ്ടപ്പോഴും ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു. മുനിസിപ്പല്‍ സെക്രട്ടറി വിശദീകരണം നല്‍കട്ടെയെന്ന എല്‍. ഡി. എഫ്. അംഗങ്ങളുടെ ആവശ്യത്തിനും ഭരണകക്ഷി വഴങ്ങിയില്ല. ഇതോടെ കൗണ്‍സില്‍ യോഗം ആരംഭിച്ച് രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും അജണ്ട ആരംഭിക്കാത്തതിനാല്‍ കൗണ്‍സില്‍ യോഗം നിറുത്തി വച്ച് ഉച്ചക്ക് ഒന്നരക്ക് വീണ്ടും ചേരുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിക്കുകയായിരുന്നു.ഉച്ചക്ക് വീണ്ടും കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് തനിക്ക് ഫയല്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായതെന്നും കൂടുതല്‍ കാര്യങ്ങള്‍ മുനിസിപ്പല്‍ എഞ്ചിനിയര്‍ വിശദീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. വാസസ്ഥലത്തോടു ചേര്‍ന്നാണ് വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ മുനിസിപ്പല്‍ എഞ്ചിനിയര്‍ നിലം കമ്മറ്റിയുടെ ഫയല്‍ നിലം കമ്മറ്റിയുടെ പരിഗണനയിലായിരുന്നവെന്ന് പറഞ്ഞു. ജനുവരി 11 നാണ് മുനിസിപ്പല്‍ സെക്രട്ടറി പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിട്ടുള്ളത്. ഇതു പ്രകാരം നിയമാനുസ്യതമായ കെട്ടിട പരിശോധന മാത്രമാണ് നടന്നിട്ടുള്ളത്്. പരിശോധനയില്‍ അനതിക്യ നിര്‍മാണം നടന്നത് കണ്ടെത്തിയത് പുനര്‍ ക്രമീകരിച്ചാല്‍ പെര്‍മിറ്റ് നല്‍കുമെന്ന് അറിയിച്ചു. 2008 ന് മുന്‍പ് നികത്തിയ ഭൂമിയിലെ കെട്ടിട നിര്‍മാണത്തിന് നിലം കമ്മറ്റിയുടെ ശുപാര്‍ശ വേണമെന്ന് ചൂണ്ടിക്കാട്ടിയ മുനിസിപ്പല്‍ സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍, ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സര്‍ക്കുലറുകളിലുണ്ടായ അവ്യക്തത മൂലം നിലം കമ്മറ്റിയുടെ പ്രവര്‍ത്തനം നിഷ്‌ക്രിയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പിന്‍തുടരാന്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലം കമ്മറ്റികള്‍ പ്രഴര്‍ത്തനം ആരംഭിച്ചത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ബോധപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസമെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ഒ. എന്‍. അജിത്തകുമാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചതോടെയാണ് എല്‍. ഡി. എഫ്് അംഗങ്ങള്‍ ശാന്തരായത്.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മാത്യ ശിശു സംരക്ഷണ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ തോമസ് ഉണ്ണിയാടനെ മുഖ്യാതിഥിയാക്കിയത് ചോദ്യം ചെയ്ത് എല്‍. ഡി. എഫ്. അംഗം എം സി. രമണന്‍ രംഗത്തു വന്നതും എല്‍. ഡി. എഫ്്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് വഴിവച്ചു. കേന്ദ്രാവിഷ്‌ക്യത പദ്ധതിയായിട്ടും സി. എന്‍. ജയദേവന്‍ എം. പി. യെ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നതിനെ എം. സി. രമണന്‍ ചോദ്യം ചെയ്തു. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയാണ് ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വിശദീകരിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയില്‍ സി. പി. ഐ. പ്രതിനിധി ഉണ്ടായിരുന്നില്ലെയെന്ന മറു ചോദ്യവുമായാണ് യു. ഡി. എഫ് അംഗങ്ങള്‍ രംഗത്തു വന്നത്. ഇരു വിഭാഗവും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടയില്‍ യോഗം അജണ്ടയിലേക്ക്്് കടക്കാത്തതില്‍ പ്രതിഷേധിച്ച് ബി. ജെ. പി. അംഗങ്ങളായ സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.തൊഴിലുറപ്പു പദ്ധതിക്കു ലഭിച്ച മുന്നേമുക്കാല്‍ കോടി രൂപ നഗരസഭക്ക് ലാപ്‌സാകുന്ന അസ്ഥയാണന്ന് കൗണ്‍സില്‍ യോഗത്തില്‍ ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ പറഞ്ഞു. സമയത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് കാരണം ഇതു വരെ അന്‍പതു ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ അറുപതു ശതമാനം ചിലവഴിച്ചാല്‍ മാത്രമാണ് അടുത്ത ഗഡു ലഭിക്കുക. രണ്ടു മാസം മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് രമേഷ് വാര്യര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അംഗങ്ങള്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് പണം അനുവദിക്കുന്നത്. സെപ്തംബറില്‍ തന്നെ ഉദ്യോഗസ്ഥരെ നിയമിച്ച്് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അറുപതു ശതമാനം പണം ചിലവഴിച്ചാല്‍ പദ്ധതി പണം പൂര്‍ണ്ണമായും ലഭിക്കുമെന്നും അതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണന്നും വി. സി. വര്‍ഗീസ് പറഞ്ഞു. തെരുവു വിളക്കുകള്‍ ഇടുന്ന കരാറുകാരന്‍ മാദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ബി. ജെ. പി. അംഗം അമ്പിളി ജയന്‍ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. നഗരസഭ കുടുംബശ്രീയിലെ സി. ഡി. എസ്. ഒന്നല്‍ ഒന്നര ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപിച്ച യു. ഡി. എഫ്. അംഗം സുജ്ജ സജ്ജീവ്കുമാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു.

Advertisement