‘ആ മാമ്പഴക്കാലം വീണ്ടെടുക്കുവാന്‍ നാട്ടുമാവിനോട് കൂട്ടുചേര്‍ന്ന് ഒരു വൈദീകന്‍’

493

ഇരിങ്ങാലക്കുട: നഷ്ടപ്പെട്ടുപോയ മാമ്പഴക്കാലം വീണ്ടെടുക്കാനായി ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ വീണ്ടും പടയൊരുക്കം തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ ചുവട്പിടിച്ച് ഈ വര്‍ഷം പൂര്‍വ്വാധിക ശക്തിയോടെ നടപ്പിലാക്കുന്ന, പുതിയ തലമുറയ്ക്ക് നാടന്‍ മാമ്പഴങ്ങളുടെ രുചി പരിചയപ്പെടുത്താനായി ഈ വര്‍ഷവും തൃശ്ശൂര്‍ ദേവമാത സിഎംഐ വിദ്യാഭ്യാസ വകുപ്പും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും, കോളജിലെ ജൈവവൈവിധ്യ ക്ലബും, എന്‍എസ്എസ് യൂണിറ്റുകളും ക്രൈസ്റ്റ് എന്‍ഞ്ചിനിയറിങ്ങ് കോളജും സംയുക്തമായി ‘എന്റെ മാവ് എന്റെ സ്വന്തം നാട്ട് മാവ്’ പദ്ധതിയിലൂടെ 3000 നാട്ടുമാവിന്റെ തൈകളാണ് വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി നാടന്‍ മാവുകളുടെ വിത്തുകളുടെ ശേഖരണത്തിലാണ് ക്രൈസ്റ്റ് കോളജിലെ കായിക അദ്ധ്യാപകനും കാത്തലിക് സെന്റര്‍ അഡ്മിനിസ്റ്റേറുമായ ഫാ.ജോയ്, ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നുമാണ് നാടന്‍ മാവിന്റെ വിത്തുകള്‍ ശേഖരിച്ചത്. വിത്തുകള്‍ പാകി മുളപ്പിച്ച് വിതരണം ചെയ്യുന്നതിനുളള ശ്രമത്തിലാണ് അദ്ദേഹം. വീടുകളില്‍നിന്നും നാട്ടില്‍നിന്നും അന്യംനിന്നുപോകുന്ന നാടന്‍ മാവുകളെ തിരിച്ചുകൊണ്ട് വരാനുളള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ പച്ചപ്പും തണലും കുളിരും വീണ്ടെടുക്കാന്‍ എല്ലാജീവജാലങ്ങളുടെയും അന്നദാനമായ ഭൂമിയുടെ ആവാസവ്യവസ്തയുടെ താക്കോല്‍ കൂട്ടങ്ങളായ മരങ്ങളെ നട്ടുപിടിപ്പിക്കുവാനുളള പരിശ്രമം. ലോകകപ്പ് ഫുട്‌ബോള്‍ ബന്ധപ്പെട്ടാണ് ഫാ. ജോയ് വൃക്ഷനടീലിന്റെ ശരിക്കും ഗോള്‍വര്‍ഷം നടത്തിയത്. ലോകകപ്പില്‍ വീഴുന്ന ഓരോ ഗോളിനും കോളേജ് ക്യാമ്പസില്‍, നമ്മുടെ മലയാളക്കരയില്‍ ഒരു മരം നടുക എന്നത്. അങ്ങനെ 2010-ല്‍ ആഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ‘ഒരു ഗോള്‍ ഒരു മരം പദ്ധതി’ വളരെയധികം വിജയകരമായ ഒന്നായിരുന്നു. ആ ലോകകപ്പില്‍ ആകെ 148 ഗോളുകളാണ് പിറന്നതെങ്കിലും ഒരു ഗോളിന് 10 മരം എന്ന കണക്കില്‍ 1500 മരതൈകളാണ് ക്രൈസ്റ്റ് കോളജ് ക്യാംപസിലും പരിസരത്തും നട്ടുപിടിപ്പിച്ചത്. 2014-ല്‍ ബ്രസീലില്‍വെച്ച് നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ അത് നാട്ട്മാവിനോടായി പ്രേമം അന്യംനിന്നുപോകുന്ന നാട്ടാമാവിനെ തിരികെ കൊണ്ടുവരിക അതായിരുന്നു സ്വപ്നം. നാട്ട്മാവിന് പ്രതിരോധശേഷി കൂടും. ഏറെക്കാലം നിലനില്ക്കും. ധാരാളം മാമ്പഴമുണ്ടാകും. നാളത്തേക്കുളളവയാണ് നാട്ടുമാവുകള്‍. അവയെ തിരിച്ചുകൊണ്ടുവരാനുളള ഒരു ശ്രമം ആയിരുന്നു അത്. ഈ ലോകകപ്പിലെ 171 ഗോളുകള്‍ക്ക് പകരമായി 480 നാട്ടുമാവിന്‍ തൈകളാണ് തൃശ്ശൂര്‍ ജില്ലയിലും പരിസരത്തുമായി വെച്ച്പിടിപ്പിച്ചത്. ഒരു വര്‍ഷംമുമ്പ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ സിഎംഐ സഭയിലെ ആദ്യ പ്രിയോരും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന പ്രിയോര്‍ മാങ്ങയുടെ 600 മാവിന്റെ തൈകളാണ് ‘ഒരോ വീടിനും ഓരോ പ്രിയോര്‍ മാവിന്‍ തൈ’ എന്ന പേരില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിതരണം ചെയ്തത്. ക്രൈസ്റ്റ് കോളജ് ക്യാംപസിനകത്ത് പലവിധത്തിലുളള ഔഷധസസ്യങ്ങളും അപൂര്‍വ്വമായി കണ്ടുവരുന്ന സസ്യജാലകങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ 400 സ്‌ക്വയര്‍ മീറ്റിറില്‍ പോളി ഹൗസ് കൃഷി അച്ചന്റെ മേല്‍നോട്ടത്തിലുണ്ട്. കഴിഞ്ഞവര്‍ഷം മികച്ചരീതിയില്‍ ജൈവകൃഷി നടത്തി എന്‍എസ്എസ് കുട്ടികള്‍ സമൂഹത്തിന് വലിയൊരു മാതൃക നല്കുകയും പഠനത്തോടൊപ്പം കൃഷി അനുഭവം കരസ്ഥമാക്കുകയും ചെയ്തു. കോഴിക്കോട് സര്‍വ്വകലാശാലയുടെ പ്രഥമ ഹരിത ക്യാംപസ് പുരസ്‌കാരവും, കേരളസംസ്ഥാന ജൈവവൈവിധ്യ അവാര്‍ഡും ക്രൈസ്റ്റ് കോളജിനെ തേടിയെത്തിയതും അര്‍ഹതക്കുളള അംഗീകാരമാണ്. അതിന്റെ പുറകിലുളള ഫാ. ജോയിയുടെ അദ്ധ്വാനം എടുത്തു പറയേണ്ടതാണ്.

Advertisement