ഇരിങ്ങാലക്കുട: ഏതുവേനലിലും വറ്റാത്ത പൊതുകിണര്‍ കാടുമൂടിയ നിലയില്‍. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഇന്റസ്ട്രിയല്‍ സ്‌കൂളിലെ കിണറിനാണു ഈ ദുരവസ്ഥ. ഏതു കടും വേനലിലും ഈ കിണറ്റില്‍ വെള്ളം സുലഭമാണ്, പക്ഷേ ഈ വെള്ളം ആരും ഉപയോഗിക്കുന്നില്ല. ആദ്യം ഈ കിണറ്റിലെ വെള്ളമായിരുന്നു ഇന്റസ്ട്രിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും മറ്റു പലരും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതു ഉപയോഗിക്കരുതെന്ന് ആരോഗ്യവിഭാഗം നിര്‍ദേശിച്ചതോടെ വിദ്യാര്‍ഥികള്‍ ഉപയോഗം നിര്‍ത്തി. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളമാണു ഈ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ഏക ആശ്രയമായിട്ടുള്ളത്. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളം രണ്ടു ദിവസത്തില്‍ കൂടുതല്‍ നിലച്ചാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകും.
സ്‌കൂള്‍ കോമ്പൗണ്ടില്‍തന്നെ വേണ്ടത്ര വെള്ളം ഉണ്ടായിട്ടും വാട്ടര്‍ അഥോറിറ്റിയെ ആശ്രയിക്കേണ്ട ഗതികേടാണു ഈ സ്‌കൂളിനുള്ളത്. ഇപ്പോള്‍ സമീപത്തെ വര്‍ക്ക്ഷോപ്പുകളിലെ ജീവനക്കാരാണു കുടിക്കാനല്ലാതെ മറ്റു ആവശ്യങ്ങള്‍ക്കു ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നത്. കിണര്‍ കാടുമൂടി എന്നതിനപ്പുറം ഇതില്‍ ഇഴജന്തുക്കളുമുണ്ട്. കുടിവെള്ളമെത്തിക്കാന്‍ പദ്ധതികളൊരുക്കുന്ന അധികാരികള്‍ ഈ കിണര്‍ കണ്ടമട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന ഈ കിണര്‍ യഥാസമയം ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറ്റകുറ്റപണികള്‍ നടത്താതെ വന്നതോടെയാണ് ഉപയോഗശൂന്യമായി മാറിയത്.
കപ്പിയും കയറുമിട്ട് വെള്ളം കോരാന്‍ സൗകര്യമുള്ളതായിരുന്നു ഈ കിണര്‍. പതിനഞ്ചടി ആഴത്തില്‍ നിറയെ വെള്ളവുമുണ്ട്. പക്ഷേ കാടുമൂടി കിടക്കുന്നതിനാലും സമീപം വൃത്തിഹീനമായതിനാലും ആരും വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ല. കിണറിനുള്ളിലെ കാടുനീക്കി ഉള്ളില്‍ ഇളകിയ കല്‍ക്കെട്ട് നന്നാക്കിയാല്‍ ഇവിടെയുള്ള സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്കും റോഡരികിലുള്ള വ്യപാരികള്‍ക്കും സമീപവാസികള്‍ക്കും വെള്ളത്തിനു ക്ഷാമമുണ്ടാകില്ല. കടും വേനലിലും നല്ലവെള്ളം ലഭിക്കുന്ന ഈ കിണര്‍ സംരക്ഷിച്ച് ഉപകാരപ്രദമാക്കാന്‍ നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here