സിനിമാ സ്‌റ്റൈല്‍ ഓപ്പറേഷന്‍ കൊടും കുറ്റവാളി പിടിയില്‍::

550

ഇരിങ്ങാലക്കുട: വിദേശ മലയാളിയെ തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി അരകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. തെക്കന്‍ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയില്‍ ബെഞ്ചമിന്‍ മകന്‍ ഷാരോണിനെയാണ് ( 29 വയസ്സ്) റൂറല്‍ എസ്.പി. വിജയകുമാരന്റെ മേല്‍നോട്ടത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ്, ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബിജോയ് എന്നിവരുടെ സംഘം പിടികൂടിയത്. 2018 ഡിസംബറില്‍ ഫെസ് ബുക്ക് വഴി പരിചയപ്പെട്ട് വിദേശമലയാളിയെ കോയമ്പത്തൂര്‍ക്ക് വിളിച്ചു വരുത്തി പോലീസ് വേഷത്തിലെത്തി കാര്‍ ഹൈജാക്ക് ചെയ്ത് തട്ടികൊണ്ട് പോയി രാത്രിയും പകലുമായി രണ്ടു ദിവസം ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസ്സിലായിരുന്നു അറസ്റ്റ്.

എന്‍.ഐ.എ യിലെ ഐ.പി.എസ്.ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തി യായിരുന്നു തട്ടികൊണ്ടു പോയത്. ഇവരുടെ കാറില്‍ പോലീസ് ബോര്‍ഡ് വച്ച് തോക്കും ആയുധങ്ങളുമായി സംഘം എത്തിയത്. ഈ കേസില്‍ നാലോളം പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി പോലീസ് വലവിരിച്ചതായാണ് സൂചന. എറണാകുളം ആലപ്പുഴ മേഖലയിലെ ഗുണ്ടാ നേതാവാണ് പിടിയിലായ ഷാരോണ്‍. കൊലപാതകം കൊലപാതക ശ്രമമടക്കം നിരവധി കേസ്സുകളിലെ പ്രതിയായ ഇയാളെ ഏറെ ശ്രമകരമായാണ് ഇടപ്പിള്ളി പള്ളി പരിസരത്തു നിന്നും കസ്റ്റഡിയില്‍ എടുത്തത്.
മഫ്തിയില്‍ ഇയാളെ പിന്‍തുടര്‍ന്ന പോലീസ് സംഘം പഴുതടച്ച നീക്കമാണ് നടത്തിയത്. പോലീസിന്റെ നീക്കങ്ങളറിയാന്‍ അനുയായികളുടെ ഒരു കോക്കസ് തന്നെയാള്‍ക്കുണ്ട്. ഇവര്‍ പരിസരം വീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തിയ ശേഷമാണ് സാധാരണ ഇയാള്‍ പുറത്തിറങ്ങുക. അതു കൊണ്ടു തന്നെ വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് ഓപ്പറേഷന്‍.രണ്ടു ദിവസം മുന്‍പേ ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കി പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരുടെ കൂട്ടത്തില്‍ മഫ്തിയില്‍ പോലിസ് സംഘം ഇടപ്പിള്ളിയില്‍ തങ്ങുന്നുണ്ടായിരുന്നു.
കൊല്ലം കുണ്ടറയില്‍ കോളജ് പഠനകാലത്ത് അടിപിടി കേസ്സുകളില്‍ പ്രതിയായിരുന്ന ഇയാള്‍ 2015ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വേണുഗോപാല്‍ എന്നയാളെ പുലര്‍ച്ചെ വെട്ടിക്കൊന്നതോടെ കുപ്രസിദ്ധി നേടി.ഇതോടെ സാധാരണ ഗുണ്ടകള്‍ക്ക് പോലും ഇയാള്‍ പേടി സ്വപനമായി മാറി. ഗുണ്ടകളായ മാക്കാന്‍ സജീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും, തൊപ്പി കണ്ണന്‍ എന്നയാളെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. കൂടാതെ മറ്റൊരാളുടെ പേരില്‍ സിം കാര്‍ഡുകളെടുത്ത് കൊലപാതകം ആസൂത്രണ ചെയ്യുന്നതിന് വേറേയും കേസുകളുണ്ട്. ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുബിന്ത്, എ എസ്.ഐ പി.കെ. ബാബു, സീനിയര്‍ സി.പി.ഒ കെ.എ.ജനിന്‍, ഷഫീര്‍ ബാബു, എ.കെ. മനോജ്, ഇ.എസ് ജീവന്‍, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, ശിവപ്രസാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വോഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

 

Advertisement