കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയ എം.കെ.യെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ:ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.
ജൈവമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ജൈവമാലിന്യത്തിൽ നിന്നും വളം ഉൽപാദിപ്പിച്ച് പച്ചക്കറി കൃഷിയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കൃഷ്ണപ്രിയ നടത്തിയ ഗവേഷണം കൊണ്ട് സാധിച്ചു. സൂക്ഷ്മ ജീവാണുവായ പിരിഫോർമോസ്പോറ ഇൻഡിക്കയെ ഉൾപ്പെടുത്തി പ്രത്യേകം നിർമ്മിച്ച വളം തക്കാളി കൃഷിക്കായി പരീക്ഷിച്ചപ്പോൾ ഉത്പാദനവർധനവ് പ്രകടമായി. കുറഞ്ഞ വളപ്രയോഗത്തിൽ കൂടുതൽ ഉൽപാദനം സാധ്യമായി.
കാർഷികമേഖലയ്ക്ക് ഗവേഷണത്തിലൂടെ മികച്ച സംഭാവന നൽകിയ കൃഷ്ണപ്രിയയെ മന്ത്രി ആർ.ബിന്ദു പ്രത്യേകം അഭിനന്ദിച്ചു.
പഠനത്തിന്റെ ഭാഗമായി ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് രണ്ട് പ്രധാന അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട് കൃഷ്ണപ്രിയ. ജർമ്മനിയിൽ വച്ച് നടന്ന എട്ടാമത് ഗ്രീൻ ആൻഡ് സസ്‌റ്റെയ്നബിൾ കെമിസ്ട്രി കോൺഫറൻസിൽ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പിന്തള്ളി ബെസ്റ്റ് പോസ്റ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ വച്ച് നടന്ന 37-ാമത് കേരള സയൻസ് കോൺഗ്രസിൽ “ബെസ്റ്റ് പേപ്പർ” അവാർഡും ലഭിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട കിഴുത്താണി മുപ്പുള്ളി കൃഷ്‌ണൻകുട്ടിയുടെയും തൃശ്ശൂർ പൂത്തോൾ മാടമ്പി ലൈനിൽ കളപ്പുരയ്ക്കൽ ഗീതയുടേയും ഇളയ മകളാണ് കൃഷ്ണപ്രിയ.നിലവിൽ വെള്ളായണി കാർഷിക കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ് കൃഷ്ണപ്രിയ.നിഷ,നിമ്മി എന്നിവർ സഹോദരിമാരാണ്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് രമേശ്.കെ.എസ്, കാറളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സീമ പ്രേംരാജ്,വൃന്ദ അജിത്കുമാർ, ഇരിങ്ങാലക്കുട സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.സുരേഷ് ബാബു,ടി.പ്രസാദ്,കിഴുത്താണി ലോക്കൽ കമ്മിറ്റി അംഗം കെ. എസ്.ബാബു എന്നിവരും അനുമോദനചടങ്ങിൽ പങ്കെടുത്തു.