ജനസേവനത്തോടൊപ്പം കിടപ്പ് രോഗി പരിചരണ രംഗത്തേക്ക് സന്ധ്യ നൈസൺ

51

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചുമതല പൂർത്തിയാക്കി ഇനി കിടപ്പു രോഗികളുടെ പരിചരണ രംഗത്തേയ്ക്കിറങ്ങുകയാണ് സന്ധ്യ നൈസൺ. കഴിഞ്ഞ മൂന്നു വർഷമായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇന്നലെ മുതൽ കിടപ്പ് രോഗികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന നിപ്മറിലെ പത്ത് മാസ കെയർ ഗിവിങ്ങ് കോഴ്സിന് ചേർന്നു.മുൻപ് അഞ്ചു വർഷം ആളൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നതുൾപ്പടെ എട്ടു വർഷമായി തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പാലിയേറ്റിവ് യൂണിറ്റുകളുടെ പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുത്ത് അനുഭവമുണ്ടെന്ന് സന്ധ്യ നൈസൺ പറഞ്ഞു. പരിചരണം കിട്ടേണ്ടവരുടെ എണ്ണത്തിനനുസരിച്ച് പരിശീലനം ലഭിച്ച പരിചാരകരെ കിട്ടാത്തത് മേഖലയിൽ വലിയ പ്രതിസന്ധിയാകുന്നുണ്ട്. ചെറുപ്പം മുതലേ ഈ മേഖലയോട് താത്പര്യമുണ്ട്. 13 വർഷമായി ഭർത്തൃമാതാവിനെ പരിചരിച്ചിരുന്നു. നിപ്മറിലെ പോലെ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്നതോടെ ശാസ്ത്രീയ പരിചരണം നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സന്ധ്യ നൈസൺ പറഞ്ഞു.ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് ന്യുട്രീഷ്യനിസ്റ്റുകൾ എന്നിവരുടെ നേതൃത്വത്തിലാണ് കോഴ്സ് നടക്കുകയെന്ന് നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ സി.ചന്ദ്രബാബു പറഞ്ഞു.ഇവിടുത്തെ പരിശീലനം കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റുകളിൽ കൂടി വിപുലമായ പ്രായോഗിക പരിശീലനം നൽകും. കേരളത്തിൽ ആദ്യമായാണ് രോഗീ പരിചരണത്തിനായി വിപുലവും ശാസ്ത്രീയവുമായ കോഴ്സ് ആരംഭിക്കുന്നത് എന്നും ഈ കോഴ്സ് പൂർത്തിയാക്കുന്ന വർക്ക് വിദേശത്തും നാട്ടിലും മികച്ച തൊഴിൽ സാധ്യതയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement