ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് ഇന്ത്യ ലോക ശക്തിയാകും : ക്രിസ്റ്റോ ജോർജ്

21

ഇരിങ്ങാലക്കുട: അമേരിക്കയും ജപ്പാനും ചൈനയും ആധിപത്യം പുലർത്തി വന്ന സാങ്കേതിക രംഗത്ത് വരും കാലം ഇന്ത്യയുടേതായിരിക്കും എന്ന് ഹൈക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ക്രിസ്റ്റോ ജോർജ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മെഗാ പ്രോജക്ട് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വരവോടെ തൊഴിൽ മേഖലകളെല്ലാം പുനക്രമീകരണത്തിന് വിധേയമാകും. നൂതനാശയങ്ങളും സംരംഭങ്ങളുമായിരിക്കും ലോകത്തെ മുന്നോട്ട് നയിക്കുക. അഭ്യസ്തവിദ്യരായ യുവാക്കൾ ഏറെയുള്ള ഇന്ത്യക്ക് ഈ പുതിയ ലോക ക്രമത്തിൽ മുന്നേറാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അവസാന വർഷ വിദ്യാർഥികളുടെ എഴുപത്തഞ്ചോളം പ്രോജക്ടുകളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ് എക്സ്പോ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു. സാങ്കേതിക, വ്യവസായ,മേഖലകളിൽ നൽകിയ സംഭാവനകൾക്ക് ക്രിസ്റ്റോ ജോർജിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ ആദരം സമർപ്പിച്ചു.ജോയിൻ്റ ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. എ എൻ രവിശങ്കർ, ക്രൈസ്റ്റ് സെൻ്റർ ഫോർ ഇന്നവേഷൻ ഡയറക്ടർ സുനിൽ പോൾ എന്നിവർ പ്രസംഗിച്ചു. രണ്ടാഴ്ചയായി നടന്നുവന്ന മൊബൈൽ റോബോട്ടിക്സ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ തദവസരത്തിൽ വിതരണം ചെയ്തു.

Advertisement