തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

46

തുമ്പൂര്‍: തുമ്പൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. രാത്രി പത്ത് മണിയോടെ വേളൂക്കര തുമ്പൂര്‍ പുത്തൻവെട്ടുവഴി സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടില്‍ ഷൈന്‍(36), ഭാര്യ രേഷ്മ(34), മക്കളായ വസന്ത്(14), ബിയ(5) രേഷ്മയുടെ സഹോദരന്‍ വാഴൂര്‍ വീട്ടില്‍ ജിതിന്‍ലാല്‍ (30), സുഹൃത്ത് കൂനിയാറ വീട്ടില്‍ അജിത്ത് (27) എന്നിവര്‍ക്കാണ് കാറിലുണ്ടായിരുന്നവരില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷൈനിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും ജിതിന്‍ലാലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രേഷ്മ മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന കോഴിക്കോട് ബീച്ച് സ്വദേശിനി കാസ്തൂരം വീട്ടില്‍ വിനീത(55), മാന്തോട്ടം വീട്ടില്‍ മുബീന(32) ഒളവണ്ണ സ്വദേശികളായ കുന്നത്തുവീട്ടില്‍ ബാബിറ(44), നൂര്‍ജഹാന്‍(44) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മറ്റു ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. അങ്കമാലി കറുകുറ്റയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവര്‍. അപകടത്തെ തുടർന്ന് കുറച്ച് നേരത്തേക്ക് ഇതു വഴിയുള്ള ഗതാഗതം സ്തംഭിച്ചു.ടൂറിസ്റ്റ് ബസും കാറും അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആളൂര്‍ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർ ഫോഴ്സ് സംഘവും അപകട സ്ഥലത്ത് എത്തിയിരുന്നു.

Advertisement