പുതിയ സ്‌കൂൾവർഷത്തിനു ഒരുക്കങ്ങളായി: വർഷാരംഭം വർണ്ണാഭമാക്കും: മന്ത്രി ഡോ. ബിന്ദു

18

ഇരിങ്ങാലക്കുട : അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ നേട്ടം ഈ സ്‌കൂൾവർഷത്തിലെ തുടർ പ്രവർത്തനങ്ങളിലും ഉണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥരുമായും സ്‌കൂൾ-പിടിഎ പ്രതിനിധികളും പങ്കെടുത്ത അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവേശനോത്സവ ഒരുക്കങ്ങളും വിദ്യാലയങ്ങളുടെ ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ചചെയ്ത യോഗം, പ്രധാന തീരുമാനങ്ങളൂം കൈക്കൊണ്ടതായി മന്ത്രി അറിയിച്ചു. പഠനപരിമിതിയടക്കമുള്ളവ നേരത്തെ തിരിച്ചറിഞ്ഞ് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും, ഭിന്നശേഷിക്കാരെ കണ്ടെത്താനുള്ള ക്യാമ്പുകള്‍ അദ്ധ്യയനവര്‍ഷ തുടക്കത്തിൽ തന്നെ നടത്താനും നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങൾ ഏറ്റവും പ്രധാനമായി കാണാൻ നിർദേശം നൽകി. അവ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കും. എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.സ്‌കൂളും പരിസരവും വൃത്തിയാക്കാൻ പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടക്കും. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകള്‍, അധ്യാപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കും. ഉപയോഗശൂന്യമായ ഫര്‍ണിച്ചറും ഉപകരണങ്ങളും നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കും. സ്‌കൂളുകളിലെ ഐ.ടി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കും. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സ് എന്നിവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കും. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ജല ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കാനും ആവശ്യമായ മുന്നറിയിപ്പു ബോര്‍ഡുകള്‍ വെക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ദുരന്ത ലഘൂകരണത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മതിയായ പരിശീലനം ലഭ്യമാക്കാനും പദ്ധതിയിട്ടു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്തും. പെൺകുട്ടികൾ ഉള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഏർപ്പാടാക്കും. അവ സംസ്കരിക്കാനുള്ള സ്ഥലസംവിധാനം ഉറപ്പുവരുത്താനും നിർദ്ദേശം നൽകി. അജൈവമാലിന്യം തരംതിരിച്ച് സംഭരിക്കാൻ സ്കൂളുകളിൽ മിനി എം.സി.എഫ് സ്ഥാപിക്കും. ക്ലാസ്സുകളിലും ഓരോ ബിൽഡിംഗിലും അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കാനുള്ള ബിന്നുകൾ ഉണ്ടാവണമെന്ന് നിർദ്ദേശിച്ചു. അക്കാദമിക മികവ് ഉയര്‍ത്താൻ വേണ്ട പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു. ആവിഷ്‌ക്കരിച്ച പ്രധാന പ്രവര്‍ത്തനമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തുടരും. എല്ലാ വിദ്യാലയങ്ങളും ജൂണ്‍ 15നകം നവീകരിച്ച അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശിപ്പിക്കും. നാലാം ക്ലാസ്സ് പൂര്‍ത്തീകരിക്കുമ്പോഴേക്കും മുഴുവന്‍ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലര്‍ത്തുമെന്ന് ഉറപ്പാക്കാനാണ് പ്രത്യേക പദ്ധതി.

Advertisement