തത്വ ശാസ്ത്രങ്ങളെ തിരികെ കൊണ്ടുവരികയും അതു വഴി മതേതര ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് കരിവെള്ളൂർ മുരളി

36

പുല്ലൂർ: ഭൂതകാലത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നതിലൂടെ കാലഹരണപ്പെട്ട തത്വ ശാസ്ത്രങ്ങളെ തിരികെ കൊണ്ടുവരികയും അതു വഴി മതേതര ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ചരിത്ര വസ്തുതകളെ വെട്ടിത്തിരുത്തുകയും തമസ്ക്കരണ വിദ്യയിലൂടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളെ നിഷ്പ്രഭമാക്കാനും ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നു. സംസ്കാരത്തിന്റെ ഈടുവെപ്പുകൾക്ക് ഒപ്പം നിന്ന് പ്രതിരോധം തീർക്കുകയാണ് ഇന്ന് എഴുത്തുകാരും കലാകാരന്മാരും ചെയ്യേണ്ടത്. അദ്ദേഹം തുടർന്ന് പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി പുല്ലൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ ഇന്ന ബെന്റ് നഗറിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കരിവെള്ളൂർ മുരളി. കെ.ജി. മോഹനർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പു.ക.സ.സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ മുഖ്യാതിഥിയായിരുന്നു. അഡ്വ വി.ഡി. പ്രേമപ്രസാദ്, ഡോ.എം.എൻ. വിനയകുമാർ, ഡോ.കെ.ജി. വിശ്വനാഥൻ, വി.മുരളി സി.ആർ. ദാസ്, ഡോ.ഷീല, റെജില ഷെറിൻ, രേണു രാമനാഥ്, ഖാദർ പട്ടേപ്പാടം, മണി സജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാർ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisement