പുരസ്കാരത്തിളക്കത്തിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് ഐ ഇ ഡി സി

60

കാക്കനാട്: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ ‘ഐ ഇ ഡി സി സമ്മിറ്റിൽ ‘ പുരസ്കാരത്തിളക്കവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി വിഭാഗം. കേരളത്തിലെ നാനൂറ്റി ഇരുപത്തി അഞ്ച് കോളജുകളിലെ ഐ ഇ ഡി സി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള സ്റ്റാർട്ട് അപ്പ് മിഷൻ കഴിഞ്ഞ മൂന്ന് മാസങ്ങളായി നടത്തി വന്ന ഇന്നവേറ്റേഴ്സ് പ്രീമിയർ ലീഗിൽ ( ഐ പി എൽ ) സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടിയാണ് കോളേജ് ശ്രദ്ധേയമായത്. വിദ്യാർഥികളുടെ സാങ്കേതിക, സംരംഭകത്വ ശേഷികൾ വർധിപ്പിക്കാൻ ലക്ഷ്യം വെച്ച് നടത്തിയ വിവിധ പരിശീലന പരിപാടികളുടെയും മത്സരങ്ങളുടെയും മികവ് കണക്കിലെടുത്താണ് അവാർഡ്.കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വച്ച് വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരുമുൾപ്പെടെ അയ്യായിരത്തോളം പ്രതിനിധികൾ സംബന്ധിച്ച ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംരംഭകത്വ മേഖലയിലെ പ്രമുഖരുമായി സംവദിക്കാനും വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കാനുമുള്ള അവസരങ്ങൾ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ഐ ഇ ഡി സി നോഡൽ ഓഫിസർ രാഹുൽ മനോഹർ ഒ, അസിസ്റ്റൻ്റ് നോഡൽ ഓഫിസർ അശ്വതി പി സജീവ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഒ അനൂപ് അംബികയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Advertisement