മുരിയാട്, ആളൂർ പഞ്ചായത്തുകൾക്ക് കനാൽ വഴി വെള്ളമെത്തിക്കാൻ നടപടി: മന്ത്രി ഡോ. ആർ ബിന്ദു

15

ഇരിങ്ങാലക്കുട : മുരിയാട്, ആളൂർ പഞ്ചായത്തുകളിലേക്ക് ചാലക്കുടിപ്പുഴയിൽനിന്ന് കനാൽ വഴി വെള്ളമെത്തിക്കുന്നതിലെ തടസ്സത്തിന് വൈദ്യുതി മന്ത്രിയുമായും ജലവിഭവ വകുപ്പു മന്ത്രിയുമായും ഏതാനും ദിവസമായി തുടർന്നുവരുന്ന കൂടിയാലോചനകൾക്കൊടുവിൽ പരിഹാരമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പുഴയിൽനിന്ന് കനാലിലൂടെ കൃഷിക്കായി വെള്ളം തുറന്നുവിടാൻ ഉത്തരവായി. മാർച്ച് ഒന്ന് മുതൽ പത്തുവരെ, രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെയാണ് ആവശ്യമായ മുന്നറിയിപ്പുകൾ നൽകി വെള്ളം തുറന്നുവിടുക – മന്ത്രി ബിന്ദു അറിയിച്ചു.ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വളരെയധികം താഴ്ന്ന്, വലതു കര കനാലിലൂടെയുള്ള ജലവിതരണം ദുഷ്കരമായതിനെത്തുടർന്നാണ് പ്രശ്‌നം വൈദ്യുതിമന്ത്രിയെ നേരിട്ടറിയിച്ചത്. 1.80 മീറ്ററെങ്കിലും ജലനിരപ്പ് ആവശ്യമുള്ളിടത്ത് എൺപതു സെന്റിമീറ്ററിൽ താഴേക്ക് ജലനിരപ്പ് താഴ്ന്നിരുന്നു. രണ്ടു മീറ്റർ ഉയരത്തിൽ വെള്ളം മെയിൻ കനാലുകളിലൂടെ പ്രവഹിപ്പിച്ചാൽ മാത്രമേ വാലറ്റങ്ങളിൽ വെള്ളമെത്തൂ. ബ്രാഞ്ച് കനാലുകളുടെ വാലറ്റം പോയിട്ട് പകുതി വരെ പോലും വെള്ളമെത്തിക്കാൻ സാധിക്കാത്തതായിരുന്നു നില.പെരിങ്ങൽക്കുത്തിൽ നിന്നു വൈദ്യുതോൽപ്പാദനം കഴിഞ്ഞുവരുന്ന വെള്ളമാണ് പ്രദേശങ്ങളിൽ ജലസേചനത്തിനു ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കാലം വിതരണത്തിനായി വൈദ്യുതിബോർഡിൽനിന്ന് ലഭിച്ചത് ഇക്കാലത്താകെ ലഭിക്കേണ്ട വെള്ളത്തിൻ്റെ ഇരുപതു ശതമാനം മാത്രമാണ്. സമീപകാലത്തൊന്നും ഇല്ലാത്ത പ്രതിസന്ധിയായിരുന്നു ഇത്. വൈദ്യുതോൽപ്പാദനം കൂട്ടുകയോ വൈദ്യുതി ഉൽപ്പാദിപ്പിക്കാതെ കൃഷിക്കായി വെള്ളം തുറന്നു വിടുകയോ മാത്രമായിരുന്നു പ്രതിവിധി. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Advertisement