കൂട്ടായ പരിശ്രമത്തിന്റെ ഉജ്ജ്വലകുതിപ്പ്: മന്ത്രി ഡോ. ആർ ബിന്ദു

33

നാക് A ++ നിറവിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്

കൂട്ടായ പരിശ്രമത്തിന്റെ ഉജ്ജ്വലകുതിപ്പ്: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് ‘നാക് ‘ അംഗീകാരപരിശോധനയിൽ ലഭിച്ച A++ അംഗീകാരം അഭിമാനകരവും കൂട്ടായ പരിശ്രമത്തിന്റെ ഫലവുമാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ ഫോർത്ത് സൈക്കിളിൽ 3.66 പോയിൻ്റോടെയാണ് സെൻ്റ് ജോസഫ്സ് കോളേജ് സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത്.

നിലവിൽ കോളേജിനുണ്ടായിരുന്ന എ ഗ്രേഡ് പദവിയിൽ നിന്ന് വൻ കുതിച്ചുചാട്ടമാണ് കലാലയം നടത്തിയിരിക്കുന്നത്.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഗ്രേഡ് പോയിൻ്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളേജും കേരളത്തിലെ ഒന്നാമത്തെ വനിതാ കോളേജുമാണ് ഇപ്പോൾ സെൻ്റ് ജോസഫ്സ് കോളേജ്.

2019-20, 2020-21 അധ്യയന വർഷങ്ങളിൽ കേരള സർക്കാരിന്റെ ഇ-ലേണിങ് അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച ഐ ഇ ഡി സി ക്കുള്ള പുരസ്കാരം തുടങ്ങിയവ തേടിവന്ന കോളേജ് കൂടിയാണ് സെൻ്റ് ജോസഫ്സ്. അസസ്മെൻ്റ് കാലയളവിൽ മൂന്നു വർഷം മികച്ച എൻ.എസ്.എസ് ഓഫീസർ, എൻ.എസ്.എസ്. യൂണിറ്റ് എന്നിവയ്ക്കുള്ള പുരസ്കാരവും, നാലുവർഷം മികച്ച എൻ.എസ്.എസ് വോളൻ്റിയർമാർക്കുള്ള പുരസ്കാരവും സർവ്വകലാശാലാ തലത്തിൽ കോളേജിന് ലഭിച്ചു. ഗവേഷണരംഗത്തും അതുല്യസംഭാവനകൾ നൽകിയ കോളേജ് കായിക രംഗത്തും നിരവധി നേട്ടങ്ങൾക്കുടമയാണ്.ലൈബ്രറി, ഹെർബേറിയം, സ്ക്രിപ്റ്റ് ഗാർഡൻ, ഓപ്പൺ ജിം, കൊച്ചിൻ മ്യൂസിയം, സുവോളജി മ്യൂസിയം, സിന്തറ്റിക് കോർട്ട്, മാനു സ്ക്രിപ്റ്റ് റിസർച്ച് ആൻറ് പ്രിസർവേഷൻ സെൻ്റർ, ഗ്രീൻ മാറ്റ് ഐ-ലാബ്,ബിസിനസ് ലാബ്, മീഡിയ ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സജ്ജീകരണങ്ങളാണ് കോളേജിൽ ഒരുങ്ങിയിരിക്കുന്നത്.കോളേജിന്റെ ഈ ഉയർച്ചക്ക് വഴിവെച്ച ക്യാമ്പസ് സമൂഹത്തെയും, വിദ്യാർത്ഥി – അധ്യാപക – അനധ്യാപക സ്നേഹിതരെയും, കലാലയസാരഥികളെയും പ്രത്യേകം അഭിനന്ദിക്കുകയാണ്.

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് കേരളമൊരുങ്ങുന്നതെന്നും ഇതിനുള്ള പ്രയത്നത്തെ കൂടുതൽ ആത്മവിശ്വാസമുള്ളതാക്കുന്നതാണ്, സെന്റ് ജോസഫ്സ് കോളേജിന് ലഭിച്ച നാക് A ++ ബഹുമതിയെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Advertisement