നെൽ കർഷകർ ഇൻഷുറൻസ് തുക കിട്ടാതെ വലയുന്നു

40

കാറളം: ചെമ്മണ്ട കായൽ കർഷക സംഘത്തിൻ്റെ കീഴിൽ ഉള്ള നെൽ കർഷകരുടെ ഇൻഷുറൻസ് പ്രീമിയം യഥാ സമയം അടക്കാത്തത് മൂലം അപ്രതീക്ഷിത മഴയിൽ നശിച്ചു പോയ കൃഷിക്ക് ലഭിക്കേണ്ട ഇൻഷുറൻസ് തുക നഷ്ടപ്പെട്ടുവെന്ന് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി.കൃഷി ഇറക്കുന്ന സമയത്ത് തന്നെ കർഷകരുടെ കൈയ്യിൽ നിന്ന് വിള,കാലാവസ്ഥ ഇൻഷുറൻസുകൾക്കുള്ള പ്രീമിയം തുക സംഘം വാങ്ങിയിരുന്നു. എന്നാൽ ഇതിൽ വിള ഇൻഷുറൻസ് പ്രീമിയം ഒരു കർഷകരുടെയും അടച്ചില്ല.ഇത് മൂലം അപ്രതീക്ഷിത മഴയിൽ കൃഷി നാശം സംഭവിച്ചു പോയ കർഷകർക്ക് ലഭിക്കേണ്ട നഷ്ട പരിഹാര തുക ലഭിക്കാതെ പോയി.നെൽ കർഷകരുടെ ക്ഷേമത്തിന് വേണ്ടി നില കൊള്ളേണ്ട സംഘം ഇന്ന് ഒരു തട്ടിപ്പ് പ്രസ്ഥാനമായി മാറി എന്ന് യോഗം കുറ്റപ്പെടുത്തി.ഈ കഴിഞ്ഞ ദിവസങ്ങളിൽ വിള ഇൻഷുറൻസിനായി കേന്ദ്ര സർക്കാർ കേരളത്തിന് 30 കോടി രൂപ അനുവദിച്ചിരുന്നു.ഇതിൽ നിന്ന് ലഭിക്കേണ്ട തുകയാണ് കാറളം,ചെമ്മണ്ട, വെള്ളാനി പ്രദേശത്തെ കർഷകർക്ക് നഷ്ടപെട്ടതെന്ന് മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് പറഞ്ഞു. ഇൻഷുറൻസ് തുകക്ക് തുല്യമായ തുക കൃഷി നാശം ഉണ്ടായ കർഷകർക്ക് സംഘത്തിൻ്റെ ഫണ്ടിൽ നിന്നും ഉടൻ അനുവദിക്കണം എന്നും ഈ അനാസ്ഥക്കെതിരെ കർഷകരെ അണി നിരത്തി പ്രക്ഷോഭം ആരംഭിക്കും എന്നും യോഗത്തിൽ പങ്കെടുത്ത കാറളം മണ്ഡലം കർഷക കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ആയ സണ്ണി തട്ടിൽ,വി ഡി സൈമൺ,വേണു കുട്ടശാം വീട്ടിൽ,ജോയ് നടക്കലാൻ എന്നിവർ അറിയിച്ചു.

Advertisement