കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ നേട്ടത്തിന് പിന്നിൽ ക്രൈസ്റ്റിന്റെ കരുത്ത്

54

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വനിതാ വിഭാഗം അത്ലറ്റിക്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 22 അംഗ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിൽ 12 പേരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് വേണ്ടി 80% ഓളം പോയിന്റുകളും നേടിയത് ക്രൈസ്റ്റ് കോളേജിന്റെ കയ്യൊപ്പോടെ. യൂണിവേഴ്സിറ്റി നേടിയ രണ്ടു സ്വർണ മെഡലുകളും ക്രൈസ്റ്റ് താരങ്ങളാണ് സംഭാവന ചെയ്തത്. സാന്ദ്ര ബാബു ട്രിപ്പിൾ ജമ്പിൽ ഒന്നാം സ്ഥാനം നേടി. ആരതി 400 മീറ്റർ ഹാർഡിൽസിൽ മീറ്റ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. ഇരുവരും വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. ട്രിപ്പിൾ ജമ്പ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജിലെ മീര ഷിബു നാലാം സ്ഥാനം നേടി യൂണിവേഴ്സിറ്റിക്ക് അധിക പോയിന്റ് സമ്മാനിച്ചു. മീര ഹൈ ജമ്പിൽ അഞ്ചാം സ്ഥാനവും നേടിയിരുന്നു. ലോങ്ങ്‌ ജമ്പിൽ സാന്ദ്ര ബാബു വെങ്കലത്തോടെ തന്റെ രണ്ടാം മെഡൽ കരസ്ഥമാക്കി. 4×400 മീറ്റർ റിലേ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നാലാം സ്ഥാനം നേടിയപ്പോൾ ക്രൈസ്റ്റ് കോളേജിന്റെ ആരതിയും, അനഘയും, അർച്ചനയും, ശിൽപയുമാണ് ടീമിന് വേണ്ടി ഓടിയത്. 4×400 മീറ്റർ മിക്സഡ് റിലേയിൽ ടീം മൂന്നാം സ്ഥാനം നേടിയപ്പോൾ റെക്കോർഡ് നേട്ടക്കാരി ആരതി മികച്ച പ്രകടനം പുറത്തെടുത്തു. ക്രൈസ്റ്റ് കോളേജിന്റെ തന്നെ അനഘയും മിക്സഡ് റിലേയിൽ പങ്കെടുത്തു. 400 മീറ്റർ ഓട്ടത്തിൽ ആരതി അഞ്ചാം സ്ഥാനം നേടി യൂണിവേഴ്സിറ്റിയുടെ രണ്ടാം സ്ഥാനത്തേക്കുള്ള വഴി കൂടുതൽ എളുപ്പമാക്കി. ഹാഫ് മരത്തോൺ മത്സരത്തിൽ ആറാം സ്ഥാനം നേടി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി റീബ പോയിന്റ് നേട്ടത്തിന് ആക്കം കൂട്ടി. ആറാം സ്ഥാനം നേടിയ 4×100 റിലേയിൽ ഹിമ എസ് പങ്കെടുത്തു. ക്രൈസ്റ്റ് കോളേജ് സ്പോർട്സ് കൌൺസിൽ അക്കാദമി കോച്ച് സേവ്യർ പൗലോസ് ആയിരുന്നു യൂണിവേഴ്സിറ്റി ചീഫ് കോച്ച്. ക്രൈസ്റ്റ് കോളേജിൽ കുട്ടികളെ വാർത്തെടുക്കാൻ റിട്ടേർഡ് സായി കോച്ച് വാൾട്ടർ, ദ്രോണാചാര്യ അവാർഡ് ജേതാവ് ടി പി ഔസേപ്പ് എന്നിവർ സേവനം ചെയ്യുന്നു.

Advertisement