ഇരിങ്ങാലക്കുടയിൽ പുതിയ സ്പെഷ്യൽ സബ്ജയിൽ യാഥാർഥ്യമായി

221

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. . കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നിലവിൽ ഇരിങ്ങാലക്കുട ഠാണാ വിൽ പ്രവർത്തിച്ചു വരുന്ന സബ്ബ് ജയിൽ കെട്ടിടത്തിൽ ഏറി വരുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്‌ഥലപരിമിതി മൂലമാണ് പുതിയ ജയിൽ കെട്ടിടം പണിയാനുള തീരുമാനം എടുത്തത്. ഇതിനായി സിവിൽ സ്റ്റേഷൻ കോംബൗണ്ടിലെ 1.83 ഏക്കർ റവന്യു ഭൂമി കണ്ടെത്തി ജയിൽ വകുപ്പിന് വിട്ടുകൊടുക്കുകയും ചെയ്തു. 2016 – ൽ എൽ. ഡി. എഫ് ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷം 8 കോടി രൂപയുടെ ഭരണാനുമതി നൽകുകയും പണികൾ ദ്രുതഗതിയിൽ ആരംഭിക്കുകയും ചെയ്തു. നിലവിൽ രണ്ട് നിലകളിലായി 27822.78 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആണ് കെട്ടിടം പണിതിരിക്കുന്നത്. ഒന്നാം നിലയിൽ ആറു വലിയ സെല്ലുകൾ മൂന്നു ചെറിയ സെല്ലുകൾ, ഓഫീസ് മുറി, റെക്കോർഡ് മുറി, സ്റ്റോർ, അടുക്കള, ഭക്ഷണ മുറി, ടോയ്ലറ്റ് ബ്ലോക്ക്‌ എന്നിവയും രണ്ടാം നിലയിൽ മൂന്നു വലിയ സെല്ലുകൾ, ഒരു ചെറിയ സെല്ല്, കോൺഫറൻസ് ഹാൾ, മൾട്ടി പർപ്പസ് ഹാൾ, വാഷ് ഏരിയ, ടോയ്ലറ്റ് ബ്ലോക്ക്‌ എന്നിവയും ഉൾക്കൊള്ളുന്നു. കൂടാതെ സംരക്ഷണ ഭിത്തി, ചുറ്റു മതിൽ,വൈദ്യുതീകരണം, സി. സി. ടി. വി ക്യാമറ സംവിധാനം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. വീഡിയോ കോൺഫെറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ എം. പി. ടി. എൻ. പ്രതാപൻ മുഖ്യാഥിതി ആയിരുന്നു.ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ. കെ. യു. അരുണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ്, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു, വാർഡ് കൗൺസിലർ എം. ആർ. ഷാജു തുടങ്ങിയവർ സംസാരിച്ചു. പൊതു മരാമത്തു വകുപ്പ് എറണാകുളം ജുഡീഷ്യൽ സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ എസ്. സജീവ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രിസൺ & കറക്ഷണൽ സെർവീസെസ് ഡയറക്ടർ ജനറൽ ഋഷിരാജ് സിംഗ് സ്വാഗതവും, മധ്യമേഖല പ്രിസൺസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സാം തങ്കയ്യൻ നന്ദിയും പറഞ്ഞു.

Advertisement