കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ഓഫീസ് പ്രവര്‍ത്തനം വിഭജിച്ചു

275

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ഓഫീസ് പ്രവര്‍ത്തനം വിഭജിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഓഫീസ് അടച്ചിടേണ്ട ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാറിന്റേയും ജില്ലാ കളക്ടറുടേയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് പ്രവര്‍ത്തനം വിഭജിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേയും പൊറത്തിശ്ശേരി സോണല്‍ ഓഫീസിലേയും വിവിധ വിഭാഗങ്ങളിലായുള്ള ജീവനക്കാരെ പകുതി വീതമാക്കിയാണ് പ്രവര്‍ത്തനം. നഗരസഭയില്‍ ജനറല്‍ വിഭാഗത്തില്‍ 17, ആരോഗ്യവിഭാഗം- 21, റവന്യൂ- 13, എഞ്ചിനിയറിങ്ങ്- 14, സോണല്‍ ഓഫീസ്- 6 എന്നിങ്ങനെ 71 പേരാണ് വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആകെയുള്ള ജീവനക്കാരുടെ പകുതി പേര്‍ മാത്രമാണ് ഓരോ ആഴ്ച ഇടവിട്ട് ജോലിക്കെത്തുക. ഓഫീസിലെത്താത്ത ബാക്കിയുള്ള ജീവനക്കാര്‍ വര്‍ക്ക് അറ്റ് ഹോം വഴി ജോലി ചെയ്യണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സെക്രട്ടറി ആവശ്യപ്പെട്ടാല്‍ വര്‍ക്ക് അറ്റ് ഹോമിലൂടെ ജോലി ചെയ്യുന്നവര്‍ നഗരസഭ ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചീട്ടുണ്ട്. പൂര്‍ണ്ണമായും വീട്ടില്‍ തന്നെ ഇരിക്കണമെന്നും പുറത്തിറങ്ങി കറങ്ങിനടക്കരുതെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരസഭയിലെ വിവിധ വകുപ്പുകളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ ജോലിക്ക് ഹാജരാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നഗരസഭയിലെ കണ്ടീജന്റ് ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിഭജിച്ചീട്ടുണ്ട്. മൊത്തം 41 ജീവനക്കാരില്‍ പകുതി വീതമാണ് ഓരോ ഷിഫ്റ്റിലും ജോലിക്ക് ഹാജരാകേണ്ടത്.

Advertisement